Sunday, December 22, 2024
Local News

വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; പ്രതി വിദേശത്ത്


കോഴിക്കോട്: വടകരയില്‍ ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം കണ്ടെത്തിയെന്ന് പൊലിസ്. അപകടം നടന്ന് ഒമ്പത് മാസത്തിന് ശേഷമാണ് വാഹനം പൊലിസ് കണ്ടെത്തുന്നത്. പുറമേരി സ്വദേശിയായ ഷജീല്‍ എന്ന ആള്‍ ഓടിച്ച കാറാണ് ദൃഷാനയെ ഇടിച്ചതെന്ന് വടകര റൂറല്‍ എസ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാഹനമിടിച്ച് തലശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപം താമസിക്കുന്ന 62കാരി പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകളായ ഒന്‍പത് വയസുകാരി ദൃഷാന ഗുരുതരമായി പരുക്കേറ്റ് കോമയിലാവുകയും ചെയ്തിരുന്നു. അശ്രദ്ധമായി വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയുമായിരുന്നു. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി രക്ഷപ്പെട്ടതാണെന്നും പിന്നിട് കാര്‍ രൂപമാറ്റം വരുത്തിയെന്നും റൂറല്‍ എസ്.പി പറഞ്ഞു.

അന്ന് പൊലിസിന് കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണെന്ന് വ്യക്തമായത്.

ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ടും കാര്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു.

ഫെബ്രുവരി 17 നാണ് ദേശീയ പാത വടകര ചോറോടില്‍ അപകടം നടക്കുന്നത്. സംഭവത്തില്‍ കുട്ടിയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും കുട്ടിയുടെ മുത്തശ്ശി മരണപ്പെടുകയും ചെയ്തിരുന്നു. ഇരുവരെയും ഇടിച്ചുവീഴ്ത്തിയ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. പിന്നീട് അന്വേഷണസംഘം കാര്‍ കണ്ടെത്താന്‍ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും വാഹനം കണ്ടെത്താനായിരുന്നില്ല. ആറ് മാസമായി കോമയിലായ കുട്ടിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ സ്ഥിര താമസമാണ് കുടുംബം.


Reporter
the authorReporter

Leave a Reply