Friday, December 27, 2024
climat

ഫിന്‍ജാല്‍; ചെന്നൈയില്‍ നാലു മരണം, കേരളത്തിലും മഴ ശക്തമാകും


ചെന്നൈ: ഫിന്‍ജാല്‍ കരതൊട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരയിലേക്ക് കടന്നതിന് ശേഷം തെക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുമെന്നാണ് അറിയിപ്പ്. അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ശക്തമായ ന്യൂനമര്‍ദമായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ തമിഴ്‌നാട് തീരം കടന്ന ചുഴലിക്കാറ്റ് ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കരയില്‍ പ്രവേശിച്ചത്.

കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. അടുത്ത 48 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്നാണ് സൂചന. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിലും ഇന്നും നാളെയും മഴക്ക് സാധ്യതയുണ്ട്.

മഴക്കെടുതിയില്‍ തമിഴ്‌നാട്ടില്‍ നാലുപേര്‍ മരിച്ചു. ഷോക്കേറ്റാണ് മൂന്നുപേര്‍ മരിച്ചത്. ഒരാളുടെ മരണം എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.

തിരുവാരൂര്‍, നാഗപട്ടണം ജില്ലകളിലെ ആറ് ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 164 കുടുംബങ്ങളിലെ 471 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മഴ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചെന്നൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളെ ബാധിച്ചു. കൂടാതെ, ചെന്നൈ വിമാനത്താവളത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഞായറാഴ്ച പുലര്‍ച്ചെ നാല് മണിവരെ നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.

തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ പലയിടത്തും ഉയര്‍ന്ന വേലിയേറ്റവും കനത്ത മഴയും ഉള്‍പ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഫെംഗല്‍ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അവരുടെ ബോട്ടുകളും ഉപകരണങ്ങളും ഉയര്‍ന്ന സ്ഥലത്തേക്ക് മാറ്റാനും പുതുച്ചേരി ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കി.

കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും അടുത്ത അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഇന്നും, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടാണ്.


Reporter
the authorReporter

Leave a Reply