Friday, November 22, 2024
EducationGeneral

വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്


തിരുവനന്തപുരം: വാട്‌സാപ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്‌സ് ഉള്‍പ്പടെയുള്ള പഠന കാര്യങ്ങള്‍ നല്‍കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്കി. ബാലാവകാശ കമീഷന്‍ ഇടപെടലിനെ തുടര്‍ന്നാണ് വിലക്കിയത്.

കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനമായിരുന്നെങ്കിലും നിലവില്‍ സ്‌കൂളുകളില്‍ നേരിട്ടാണ് ക്ലാസ് നടക്കുന്നത്. കുട്ടികള്‍ക്ക് പഠനകാര്യങ്ങള്‍ ഓര്‍ത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും നോട്ട്‌സ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി ഗുണകരമല്ലെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

കുട്ടികള്‍ക്ക് നേരിട്ട് ക്ലാസില്‍ ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നത് പൂര്‍ണമായി ഒഴിവാക്കുക തന്നെ വേണം. ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ സ്‌കൂളുകളില്‍ ഇടവിട്ട് സന്ദര്‍ശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ആരായേണ്ടതുമാണ്.

പഠനകാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി കുട്ടികള്‍ക്ക് അമിത ഭാരവും പ്രിന്റ് എടുത്ത് പഠിക്കുമ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ബാലാവകാശ കമീഷന്‍ അംഗം എന്‍. സുനന്ദ നല്‍കിയ നോട്ടിസിനെ തുടര്‍ന്നാണ് എല്ലാ ആര്‍ഡിഡിമാര്‍ക്കും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.


Reporter
the authorReporter

Leave a Reply