കോഴിക്കോട്: അമ്മയിൽ നിന്നും മക്കളും മരുമക്കളും ചേർന്ന് വാങ്ങിയ ഒരു ലക്ഷം രൂപ 5 ഗഡുക്കളായി 2 മാസത്തിനുള്ളിൽ തിരികെ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
നരിക്കുനി മടവൂർ സ്വദേശി ഭാഗീരഥി സമർപ്പിച്ച പരാതി തീർപ്പാക്കി കൊണ്ടാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന്റെ ഉത്തരവ്. തന്റെ പരാതി പരിഗണിക്കാതെ മടവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി താൻ താമസിച്ചിരുന്ന വീട് പൊളിച്ചു പണിയാൻ പണം അനുവദിച്ചെന്നും മക്കളും മരുമക്കളും ചേർന്ന് വീട് പൊളിച്ചുനീക്കിയെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
എന്നാൽ മടവൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസിച്ചിരുന്ന പരാതിക്കാരിയുടെ മകന് ലൈഫ് മിഷനിൽ കെട്ടിടം പുനർനിർമ്മിക്കാൻ സഹായം അനുവദിച്ചിരുന്നതായി പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ചേളന്നൂർ സബ് രജിസ്ട്രാർ ഓഫീസിലെ ആധാരം പരിശോധിച്ചതിൽ പരാതിക്കാരിക്ക് വീട്ടിൽകൈവശാധികാരം ഉണ്ടെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരിക്ക് കൂടി വീട്ടിൽ ഉടമസ്ഥാവകാശം നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം പരാതിക്കാരിയെ ബോധ്യപ്പെടുത്തുന്നതിനായി അദാലത്തിൽ പങ്കെടുക്കാൻ നിർദ്ദേശം നൽകിയെങ്കിലും പരാതിക്കാരി പങ്കെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വീട് നിർമ്മാണം പൂർത്തിയാകുമ്പോൾ താൻ വഴിയാധാരമാകുമെന്ന പരാതിക്കാരിയുടെ ആശങ്ക അസ്ഥാനത്താണെന്നും റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് എതിർകക്ഷികളായ മക്കളെയും മരുമക്കളെയും കമ്മീഷൻ നേരിട്ടുകേട്ടു. എതിർകക്ഷികൾ തനിക്ക് ഒരു ലക്ഷം രൂപ നൽകാനുണ്ടെന്ന് പരാതിക്കാരി അറിയിച്ചു. ഇക്കാര്യം പരാതിക്കാർ സമ്മതിച്ച സാഹചര്യത്തിലാണ് പണം തിരികെ നൽകാൻ കമ്മീഷൻ ഉത്തരവായത്.