കൽപ്പറ്റ: പ്രകൃതി ദുരന്തം ഉണ്ടാവുമ്പോൾ സംസ്ഥാന സർക്കാർ ആനന്ദം കൊള്ളുകയാണെന്നും, ദുരന്തങ്ങളെയും ദുരിതങ്ങളെയും പരമാവധി പണം സമാഹരിക്കാനുള്ള അവസരമാക്കി കേരള സർക്കാർ മാറ്റുകയാണെന്നും മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. ചൂരൽ മലയിൽ ഇത് വരെ മതിയായ ആശ്വാസ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. ദുരിത മേഖലയിൽ ഇത് വരെ ചിലവഴിച്ച പണത്തിന്റെ കണക്കുകൾ പുറത്തു വിടാൻ സംസ്ഥാന സർക്കാർ തയ്യാറുണ്ടോയെന്നും കുമ്മനം ചോദിച്ചു. ദുരന്തത്തിന്റെ പേരിൽ കേന്ദ്ര സർക്കാരിനെതിരെ ഇരു മുന്നണികളും നുണ പ്രചരണങ്ങൾ നടത്തുകയാണ്. കേന്ദ്ര സർക്കാർ ചൂരൽ മലയിൽ നടത്തിയ പ്രവർത്തനങ്ങളുടെ പേരിൽ പോലും സംസ്ഥാന സർക്കാർ പണം തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും കുമ്മനം ആരോപിച്ചു. എൻഡിഎ വയനാട് ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ‘
ദുരന്തമുണ്ടായപ്പോൾ കേന്ദ്ര സർക്കാർ പ്രതിനിധികൾ ചൂരൽ മലയിലെത്തി ദുരന്തത്തിന്റെ ആഘാതം പഠിച്ചാണ് നടപടികൾ സ്വീകരിച്ചത്. വയനാട്ടിലെ ജനങ്ങളെ കേന്ദ്രസർക്കാർ ചേർത്തു പിടിച്ചിട്ടുണ്ട്. കുമ്മനം പറഞ്ഞു. പുറ്റിങ്ങൽ ദുരന്തവും, ഓഖി ദുരന്തവും ഉണ്ടായപ്പോൾ ദുരിതമുഖത്ത് കേരള മുഖ്യമന്തി എത്തുന്നതിനും മുൻപ് ഓടിയെത്തിയ പ്രധാനമന്ത്രിയെക്കുറിച്ച് അപവാദ പ്രചരണങ്ങൾ നടത്താൻ ഇരു മുന്നണികൾക്കും ലജ്ജയില്ലേയെന്നും കുമ്മനം ചോദിച്ചു. ഈ തിരഞ്ഞെടുപ്പിൽ നുണ പ്രചാരണങ്ങളിൽ കൂടിയാണ് ഇരു മുന്നണികളും വോട്ട് പിടിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
കേരളത്തിൽ രണ്ടു ലക്ഷത്തോളം വീടുകൾ വെച്ച് കൊടുക്കാനുള്ള പ്രവർത്തങ്ങൾ കേന്ദ്ര സർക്കാർ നടത്തി വരികയാണ്. 79 കോടി രൂപ അനുവദിച്ചു. അതിൽ 36 കോടി രൂപ നല്കിക്കഴിഞ്ഞുവെന്നും കുമ്മനം വ്യക്തമാക്കി.
വയനാട്ടിലെ കാർഷിക രംഗം അപ്പാടെ തകർന്നടിഞ്ഞു. വനവാസി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുമുന്നണികൾക്കും സാധിച്ചിട്ടില്ല . അടിസ്ഥാനപരമായ ഒരു പ്രശ്നവും പരിഹരിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നിലെന്നും കുമ്മനം പറഞ്ഞു. കോൺഗ്രസിനും, സിപിഎമ്മിനും സ്വന്തം കാര്യം നടക്കണം എന്നല്ലാതെ ഈ നാട് നന്നാവണമെന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വയനാടിനെ അറിയാത്ത,വയനാടിനെ കറവപ്പശുമായി മാത്രം കാണുന്ന പ്രിയങ്ക വദ്രയ്ക്ക് വയനാട്ടിനായി ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ലെന്നും, കുമ്മനം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ സ്വന്തം കൊടി പോലും ഉയർത്താൻ സാധിക്കാത്ത തരത്തിലാണ് ഘടക കക്ഷിയായ മുസ്ലിം ലീഗെന്നും കുമ്മനം പരിഹസിച്ചു .
ഇവിടെ പരസ്പരം ശത്രുത ഭാവിക്കുന്ന ഇരുമുന്നണികളും കേരളത്തിൻറെ അതിർത്തി വിട്ടാൽ ഒറ്റക്കെട്ടാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
അതേസമയം വരും ദിവസങ്ങളിൽ ഇരുമുന്നണികളും വ്യാപകമായ രീതിയിൽ നുണ പ്രചാരണങ്ങൾ നടത്തുമെന്നും, അതിൽ കുടുങ്ങാൻ പാടില്ലെന്നും കുമ്മനം ഓർമിപ്പിച്ചു. പ്രാദേശിക, മതവികാരങ്ങൾ ഇളക്കി വിടുന്ന ഇരുമുന്നണികളെയും ദേശീയ വികാരം ഉയർത്തി നേരിടണമെന്നും, മറ്റെല്ലാത്തിനുമുപരി നമുക്ക് നമ്മുടെ നാടാണ് വലുതെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
ക്രൈസ്തവരുടെ സ്വത്ത് തട്ടിയെടുക്കുന്നതിന്റ ഭാഗമായാണ് വഖഫിന് വേണ്ടി നിയമസഭയിൽ പ്രമേയം പാസാക്കിയത്. സാമൂഹിക അസമത്വം ഇല്ലാതാക്കി സമത്വം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്
എല്ലാവർക്കും നീ നൽകണം, വിഭാഗീയത പാടില്ലെന്നും, ഭാരതത്തിലെ പൗരന്മാർ എല്ലാവരും ഒരുപോലെയാണെന്നും കുമ്മനം കൂടി ചേർത്തു.
കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.വി രാജൻ, സംസ്ഥാന സെക്രട്ടറിമാരായ കെ രഞ്ജിത്ത്, അഡ്വ.പ്രകാശ് ബാബു,ഉത്തര മേഖല അധ്യക്ഷൻ ടിപി ജയചന്ദ്രൻ മാസ്റ്റർ, ബിജെപി വയനാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് മലവയൽ , കോഴിക്കോട് ജില്ലാ അധ്യക്ഷൻ അഡ്വ.വികെ സജീവൻ
മലപ്പുറം ജില്ലാ അധ്യക്ഷൻ രവിതേലത്ത്, വി വി രാജൻ ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി പൈലി വാത്യാട്ട്, ജില്ലാ കെ.മോഹനൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു












