കോഴിക്കോട്: കല്ലായിപ്പുഴയുടെ നവീകരണ പ്രവൃത്തികൾ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോതി പാലത്തിന് സമീപം കോതി മൈതാനത്ത് നടന്ന ചടങ്ങിൽ അഹമ്മദ് ദേവർകോവിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. പുഴയിൽ അടിഞ്ഞു കൂടിയ ചളിയും മാലിന്യവും നീക്കി സുഗമമായ ഒഴുക്ക് സാധ്യമാക്കി പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിക്കായി 12.98 കോടി രൂപയാണ് കോർപറേഷൻ ചെലവിടുന്നത്. ജലസേചന വകുപ്പാണ് നദീസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുക.
എത്ര ചളിയും മണ്ണും നീക്കണമെന്ന് കണ്ടെത്താനുള്ള സർവേ ഒന്നരമാസം കൊണ്ട് പൂർത്തിയാക്കാനും സർവേക്ക് മുമ്പുതന്നെ കഴിയുന്നേടത്തോളം മരത്തടികൾ കച്ചവടക്കാർതന്നെ മാറ്റാനും നേരത്തേ ധാരണയായിരുന്നു. സർവേയും ചളിനീക്കലുമടക്കം ഒരു കൊല്ലംകൊണ്ട് പൂർത്തിയാക്കും. മാങ്കാവ് കടുപ്പിനി മുതൽ കോതി അഴിമുഖം വരെ 4.2 കിലോമീറ്റർ ചളിയെടുത്ത് നന്നാക്കാൻ വെസ്റ്റ്കോസ്റ്റ് ഡ്രഡ്ജിങ് കമ്പനിക്കാണ് കരാർ.
ആറ് പ്രാവശ്യം ടെൻഡർ ചെയ്തശേഷമാണ് കമ്പനിയെ ചുമതലയേൽപിക്കാനായത്. പുഴയിൽനിന്നെടുക്കുന്ന ചളി നാല് കിലോമീറ്റർ ദൂരെ കടലിൽ കൊണ്ടിടും. പ്ലാസ്റ്റിക്കടക്കമുള്ള മറ്റ് മാലിന്യം കോർപറേഷൻ ആഭിമുഖ്യത്തിൽ സംസ്കരിക്കും. കടലിൽ ചളി നിക്ഷേപിക്കുന്നതിനെപ്പറ്റി നേരത്തേ സി.ഡബ്ല്യു.ആർ.ഡി.എം പഠനം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.
ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, മരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സി. രാജൻ, സ്ഥിരം സമിതി അധ്യക്ഷരായ ഒ.പി. ഷിജിന, പി. ദിവാകരൻ, കൃഷ്ണകുമാരി, പി.കെ. നാസർ, സി. രേഖ, കൗൺസിലർമാരായ പി. മുഹ്സീന, എം. ബിജുലാൽ, എം.സി. സുധാമണി, ഓമന മധു, ആയിഷാബി പാണ്ടികശാല, കെ.സി. ശോഭിത, ഒ. സദാശിവൻ, കെ. മൊയ്തീൻ കോയ, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി, ജലസേചന കല്ലായിപ്പുഴ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടിയുടെ നേതൃത്വത്തിൽ ലഡു വിതരണവും നടന്നു.