കോഴിക്കോട്: പോക്സോ കേസിലെ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായുള്ള അതിജീവിതയുടെ പിതാവിന്റെ പരാതി അവാസ്തവമാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ഇക്കഴിഞ്ഞ ഏപ്രിൽ 11 ന് മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസ് അട്ടിമറിക്കാനുള്ള നീക്കമുണ്ടെന്ന ദൃശ്യ മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.കാഞ്ഞിരപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് സംഭവസ്ഥലം മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിലായതിനാൽ മെഡിക്കൽ കോളേജ് സ്റ്റേഷനിലേക്ക് കൈമാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതിജീവിതയുടെ അമ്മയുടെ സുഹൃത്ത് 12 വയസ്സ് മാത്രം പ്രായമുള്ള അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. 2024 ജനുവരി 20 ന് കോഴിക്കോട്ടെ ഒരു ഫ്ലാറ്റിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.
അതിജീവിത സംഭവസ്ഥലം കാണിച്ചു കൊടുത്തതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയാണ്. മേയ് 14 ന് അതിജീവിതയും പിതാവും സ്റ്റേഷനിൽ വന്നപ്പോൾ ഇവരുമായി പിണങ്ങി കഴിയുന്ന ഉമ്മയും ഇളയമകളും സ്റ്റേഷനിലെത്തിയതാണ് അതിജീവിതക്കും പിതാവിനും സംശയത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഉമ്മയും മകളും സ്റ്റേഷനിലെത്തിയത് പോലീസ് പറഞ്ഞിട്ടാവും എന്ന് അതിജീവിതയും പിതാവും സംശയിച്ചിട്ടുണ്ടെന്ന് പിതാവിന്റെ മൊഴിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പോക്സോ കേസ് സംബന്ധിച്ച് അതിജീവിതയുടെ മൊഴി കളവാണെന്നാണ് ഉമ്മയുടെ വാദം. മകൾ ഇംഹാൻസിൽ ചികിത്സയിലാണ്. അതിജീവിതക്ക് കുടുംബപരമായ സമ്മർദ്ദമുണ്ടെന്ന് ഇംഹാൻസിലെ ഡോക്ടർ പറഞ്ഞിട്ടുണ്ട്. കൗൺസിലിംഗ് നൽകിയാൽ മാത്രമേ ആരോപണത്തിലെ സത്യാവസ്ഥ മനസിലാക്കാൻ കഴിയുകയുള്ളു. അതിജീവിതയുടെ മൊഴി സത്യമാണെന്ന് തെളിഞ്ഞാൽ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. കാലതാമസം കൂടാതെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.