Sunday, November 24, 2024
GeneralPolitics

ഉപതെരഞ്ഞെടുപ്പ് നേരിടാൻ എൻഡിഎ സജ്ജം: കെ സുരേന്ദ്രൻ


സംസ്ഥാനത്ത് നടക്കുന്ന മൂന്ന് ഉപതെരഞ്ഞെടുപ്പും നേരിടാൻ എൻഡിഎയും ബിജെപിയും സജ്ജമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാടും ചേലക്കരയിലും വിജയിക്കാനാണ് ബിജെപി പരിശ്രമിക്കുന്നതെന്നും കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. വയനാട്ടിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം ആവും ദേശീയ ജനാധിപത്യ സഖ്യം പുറത്തെടുക്കുക. ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളത്. എൽഡിഎഫിന് പകരം യുഡിഎഫ്, യുഡിഎഫിനു പകരം എൽഡിഎഫ് എന്ന രാഷ്ട്രീയ സമവാക്യം ഈ ഉപതെരഞ്ഞെടുപ്പോട് കൂടി കേരളത്തിൽ അവസാനിക്കാൻ പോവുകയാണ്. സംസ്ഥാനത്ത് എൽഡിഎഫിനും യുഡിഎഫിനും എതിരെയുള്ള പൊതുജനാഭിപ്രായമാണ് രൂപീകരിക്കപ്പെട്ടിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട സർക്കാർ ആണ് പിണറായി വിജയൻ സർക്കാർ. എന്നാൽ സർക്കാറിന് കവചം ഒരുക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. സ്ഥാനാർത്ഥികളെ പാർലമെന്ററി ബോർഡ് ഡൽഹിയിൽ തീരുമാനിക്കും. സംസ്ഥാനത്തു നിന്നുള്ള മൂന്നുപേരുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് അയച്ചിട്ടുണ്ട്. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക കേന്ദ്ര നേതൃത്വം ആയിരിക്കും. പാലക്കാട് ഇൻഡി മുന്നണി സഖ്യമാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ ഷാഫി പറമ്പലിനെ വിജയിപ്പിക്കാൻ പരിശ്രമിച്ചത് സിപിഎമ്മുകാരാണ്. ഇത്തവണയും അത്തരമൊരു ആത്മഹത്യാപരമായ നിലപാട് സിപിഎം കൈക്കൊള്ളുമോ എന്ന് കണ്ടറിയേണ്ടതാണ്. എൽഡിഎഫും യുഡിഎഫും ഒരുമിച്ച് വന്നാലും പാലക്കാട് ബിജെപി വിജയം നേടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കണ്ണൂരിലെ എഡിഎമ്മിന്റെ മരണം ദാരുണമായ സംഭവമാണ്. അതിൽ ഇടപെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ നടപടി വേണം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നാലുതവണ ഇടപെട്ട കേസിൽ എഡിഎം കൈക്കൂലി വാങ്ങി എന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. അനധികൃതമായ കാര്യത്തിനു വേണ്ടിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇടപെട്ടതെന്ന് വ്യക്തമാണ്. ദേശീയപാതയിൽ ആയാലും സംസ്ഥാനപാതയിൽ ആയാലും വളവുള്ള സ്ഥലത്ത് സുരക്ഷാ കാരണങ്ങളാൽ പെട്രോൾ പമ്പ് സ്ഥാപിക്കാറില്ല. പി പി ദിവ്യയുടെ ഭർത്താവും പെട്രോൾ പമ്പിന് അനുമതി തേടിയ ആളും അടുത്ത സുഹൃത്തുക്കളാണ്. ഈ പെട്രോൾ പമ്പ് ദിവ്യയുടെ കുടുംബത്തിന്റേതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് അവർ ഇത്രയും വാശി എ ഡി എമ്മിനോട് കാണിച്ചത്. ട്രാൻസ്ഫർ മുമ്പ് ഭീഷണിപ്പെടുത്തിയാണ് അദ്ദേഹത്തെക്കൊണ്ട് ഫയലിൽ ഒപ്പുവെപ്പിച്ചത്. യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കാതെ എത്തി അപമാനിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പാർട്ടിക്ക് അകത്തും ആക്ഷേപമുണ്ട്. അവർ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുവെന്നും ബിനാമി പേരിൽ പല സ്ഥാപനങ്ങളും അവർക്ക് ഉണ്ടെന്നും പാർട്ടിക്കാർ തന്നെ പറയുന്നുണ്ട്. അഹങ്കാരത്തിന്റെയും രാഷ്ട്രത്തിന്റെയും പ്രതീകമായ ദിവ്യ ഉടൻ രാജിവെക്കണം. അവർക്കെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാവണം എന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.


Reporter
the authorReporter

Leave a Reply