Saturday, November 23, 2024
GeneralPolitics

മാലിദ്വീപ് ഉറ്റസുഹൃത്തെന്ന് പ്രധാനമന്ത്രി മോദി, ഇന്ത്യയുടെ സുരക്ഷ പ്രധാനമെന്ന് മുയിസു


ദില്ലി: ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് മാലിദ്വീപ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്നതും ഈ ബന്ധം പുരാതനകാലം മുതൽ തുടങ്ങിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമുദ്ര രംഗത്തെ സുരക്ഷയടക്കം വിഷയങ്ങളിൽ ഇരു രാജ്യങ്ങളും സഹകരിച്ച് നീങ്ങും. മാലിദ്വീപിലെ ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ബെംഗളൂരുവിൽ പുതിയ മാലിദ്വീപ് കോൺസുലേറ്റ് തുറക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയെന്നും മോദി പറഞ്ഞു. മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സംയുക്ത പ്രസ്താവനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന ഒരു നീക്കവും നടത്തില്ലെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ്ദ് മുയിസുവും പറഞ്ഞു. ഇന്ത്യയുമായി സഹകരിച്ച് മുന്നോട്ട് പോകും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി മുയിസു ഇന്ത്യയിലെത്തിയത്. കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാൻ അദ്ദേഹം ഇന്ത്യയില്‍ വന്നിരുന്നു. ഞായറാഴ്ച ദില്ലിയില്‍ എത്തിയ ഉടനെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇന്നാണ് പ്രധാനമന്ത്രിയെ കണ്ടത്.


Reporter
the authorReporter

Leave a Reply