GeneralLocal News

സൈബര്‍ ആക്രമണം: അര്‍ജ്ജുന്റെ കുടുംബത്തിന്റെ പരാതിയില്‍ മനാഫ് ഉള്‍പെടെയുള്ളവര്‍ക്കെതിരെ കേസ്


കോഴിക്കോട്: സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് അര്‍ജുന്റെ കുടുംബം സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് നല്‍കിയി പരാതിയില്‍ കേസ്. ലോറി ഉടമ മനാഫ് ഉള്‍പെടെയുള്ളവരെ പ്രതി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടത്തിയതിനും കലാപ ശ്രമത്തിനുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ചേവായൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ കുടുംബത്തിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.

സമൂഹമാധ്യമങ്ങളില്‍ വര്‍ഗീയ അധിക്ഷേപം നടക്കുന്നുവെന്ന് വ്യക്തമാക്കിയാണ് കുടുംബം പരാതി നല്‍കിയത്. കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണം ചെയ്യുകയാണെന്നു പറഞ്ഞ് ബുധനാഴ്ച കുടുംബം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനുശേഷമാണ് സമൂഹമാധ്യമങ്ങളില്‍ അര്‍ജുന്റെ കുടുംബത്തിനു നേരെ വ്യാപകമായ ആക്രമണമുണ്ടായത്. അര്‍ജുന്റെ ഭാര്യ കൃഷ്ണ പ്രിയ, സഹോദരി അഞ്ജു, സഹോദരി ഭര്‍ത്താവ് ജിതിന്‍ എന്നിവര്‍ നേരിട്ടെത്തിയാണ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.

മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ ആരോപിച്ചത്. മനാഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കള്ളം പറയുകയാണെന്നും ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൊതുജനങ്ങളാരും മനാഫിന് പണം നല്‍കരുതെന്നും തങ്ങള്‍ അത് സ്വീകരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. യൂട്യൂബ് ചാനലുകളില്‍ നിന്നും ആക്ഷേപം നേരിടുന്നതായും കുടുംബം ആരോപിച്ചിരുന്നു.

പിന്നാലെ തന്റെ പ്രതികരണങ്ങള്‍ വൈകാരികമായി തോന്നിയെങ്കില്‍ അര്‍ജുന്റെ കുടുംബത്തോട് മാപ്പു ചോദിക്കുന്നതായി ലോറി ഉടമ മനാഫും വ്യക്തമാക്കി. വിഷയത്തില്‍ മുതലെടുപ്പ് നടത്തിയിട്ടില്ലെന്നും ആത്മാര്‍ഥമായാണ് കാര്യങ്ങള്‍ ചെയ്തതെന്നും മനാഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അര്‍ജുന്റെ കുടുംബത്തോടൊപ്പമാണ് താനുള്ളത്. വിവാദങ്ങളില്‍ താല്‍പര്യമില്ല. ഇന്ത്യകണ്ട ചരിത്രമാണ് അര്‍ജുന്റെ ദൗത്യം. ചെളിവാരിയെറിഞ്ഞ് അതിന്റെ മഹത്വം നഷ്ടപ്പെടുത്തരുത്. അവന്റെ ചിത അടങ്ങുന്നതിന് മുമ്പ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്. ആരായാലും ഉത്തരവാദിത്വത്തോടെ പെരുമാറണം. ലോറിയുടെ ആര്‍.സി ഉടമയായ മുബീന്‍ തന്റെ സഹോദരനാണ്. അര്‍ജുന്റെ പേരില്‍ പണപ്പിരിവ് നടത്തിയിട്ടില്ല. മുക്കത്ത് സ്‌കൂളില്‍ ഒരു ചടങ്ങ് ഉണ്ടായിരുന്നു. ഒരു തുക നല്‍കാമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ തനിക്ക് വേണ്ടെന്നും അര്‍ജുന്റെ മകന് അത് കൊടുക്കാമെന്നും പറഞ്ഞു. തുടര്‍ന്ന് അര്‍ജുന്റെ മകന്റെ പേരില്‍ അക്കൗണ്ടുണ്ടോയെന്ന് ചോദിച്ചിരുന്നു. ആരെങ്കിലും പണം തരുന്നുണ്ടെങ്കില്‍ അത് മകന് കിട്ടട്ടെയെന്നാണ് താന്‍ കരുതിയത്. അത് കുടുബത്തിന് പ്രശ്‌നമായെങ്കില്‍ മാപ്പ് പറയുന്നു- മനാഫ് പറഞ്ഞു.

ഷിരൂരിലെ തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കുന്നതിനായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ചാനല്‍ മോണിറ്റൈസ് ചെയ്തിട്ടില്ല. അതിനാല്‍ യൂട്യൂബില്‍ നിന്ന് പണവും ലഭിക്കുന്നില്ല. ‘ലോറിയുടമ മനാഫ്’ എന്ന പേരില്‍ ചാനല്‍ തുടങ്ങിയത് ആളുകള്‍ തിരിച്ചറിയാന്‍ വേണ്ടിയിട്ടാണ്. ചാനലില്‍ അര്‍ജുന്റെ ഫോട്ടോവച്ചതില്‍ ആരോപണങ്ങള്‍ വന്നതോടെ അത് മാറ്റി. അര്‍ജുന്റെ ശരീരം കിട്ടിയതിന് ശേഷമാണ് ഈ പ്രശ്‌നമെല്ലാം തുടങ്ങിയത്. അര്‍ജുന്റെ സഹോദരി അഞ്ജു ലോറിയുടമ മുബീന്‍ ആണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. മുബീന്‍ എന്റെ അനിയനാണ്, അവന്റെ വാഹനമാണ്. ആരുടെ വാഹനമായാലും കുഴപ്പമില്ല എന്നെല്ലാം കുടുംബത്തോട് പറഞ്ഞിരുന്നു. 2000 രൂപ ഞാന്‍ കൊടുത്തു എന്നാണ് അവര്‍ പറഞ്ഞ മറ്റൊരു ആരോപണം. ഞാന്‍ ബഹുമാനിക്കുന്ന ഒരു ഉസ്താദ് അര്‍ജുന്റെ വീട്ടില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തെ അവിടെ കൊണ്ടുപോയതാണ്. അദ്ദേഹമാണ് 2000 രൂപ കൊടുത്തത്. പ്രായമായൊരാള്‍ ആ തുക കൊടുത്തു എന്ന രീതിയില്‍ എടുക്കാനുള്ളതേ അതില്‍ ഉള്ളൂവെന്നും മനാഫ് പറഞ്ഞു.


Reporter
the authorReporter

Leave a Reply