മലപ്പുറം: മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനുമെതിരെ വീണ്ടും ആഞ്ഞടിച്ച് പി.വി.അന്‍വര്‍. താന്‍ ഇപ്പോഴും എല്‍.ഡി.എഫിനൊപ്പമാണെന്ന് വ്യക്തമാക്കിയ അന്‍വര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പറഞ്ഞു. തന്റെ പാര്‍ക്കിന്റെ ഫയല്‍ അടക്കം മുഖ്യമന്ത്രിയുടെ മുന്നിലാണ്. അതെല്ലാം നില്‍ക്കുമ്പോഴാണ് താന്‍ സത്യം പറയുന്നത്. തനിക്ക് സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.
‘എല്‍.ഡി.എഫ് വിട്ടുവെന്ന് ഞാന്‍ മനസ്സു കൊണ്ടു പറഞ്ഞിട്ടില്ല. പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിങ്ങില്‍ പങ്കെടുക്കില്ലെന്നാണ് പറഞ്ഞത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഇല്ലെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മനസ്സ് കൊണ്ടു പറഞ്ഞതല്ല. ഈ രീതിയിലാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നതെങ്കില്‍ 2026ലെ തെരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശുകിട്ടാത്ത സ്ഥാനാര്‍ഥികളുണ്ടാകും. 20 25 സീറ്റിനു മേലെ എല്‍.ഡി.എഫിനു ജയിക്കാനാകില്ല.’- അന്‍വര്‍ പറഞ്ഞു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അന്‍വര്‍ പറഞ്ഞു. സിറ്റിങ് ജഡ്ജിയെ വച്ച് അന്വേഷണം നടത്തണം. എത്രയോ നിരപരാധികള്‍ ജയിലിലാണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് മാത്രം ഇത് ബോധ്യപ്പെടാത്തത് ? ജുഡീഷ്യറിയില്‍ മാത്രമേ എനിക്ക് ഇനി വിശ്വാസമുള്ളൂ. അന്വേഷണസംഘത്തെ ഹൈക്കോടതി തന്നെ തീരുമാനിക്കണമെന്ന് ആവശ്യപ്പെടും. അന്‍വറിനെതിരായ ആരോപണവും ഈ അന്വേഷണസംഘം അന്വേഷിക്കട്ടെ. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് അന്‍വര്‍ പറഞ്ഞു.
‘അന്വേഷണ സംഘത്തില്‍ ഡിജിപിയടക്കമുള്ള മുകള്‍തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോ കുഴപ്പമുണ്ടെന്ന് പറയുന്നില്ല. എന്നാല്‍ താഴെത്തട്ടിലെ അന്വേഷണം വളരെ മോശമാണ്. മുഖ്യമന്ത്രി തന്നെ പുറത്ത് വിട്ട 188 കേസുകളില്‍ പത്ത് പേരെയെങ്കിലും വിളിച്ചന്വേഷിക്കേണ്ടെ. ഒരാളുടെ മൊഴിയും ഇതുവരെ എടുത്തിട്ടില്ല. കഴിഞ്ഞ നാലഞ്ചുമാസമായി സ്വര്‍ണം കൊണ്ടുവന്നിരുന്ന കടത്തുകാരുമായി ബന്ധപ്പെട്ടിരുന്നു. അവരില്‍നിന്ന് കിട്ടിയ വിവരങ്ങള്‍ സത്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊതുസമൂഹത്തിന് മുന്നില്‍ പറഞ്ഞത്. അജിത് കുമാര്‍ എഴുതികൊടുത്ത് മുഖ്യമന്ത്രി വായിച്ച വാറോല അല്ല സത്യമെന്ന് പറഞ്ഞിട്ടുണ്ട്.
‘എല്ലാ പാര്‍ട്ടിയിലേയും നേതൃത്വം ചേര്‍ന്ന് ഒറ്റ കൂട്ടാണെന്നും അന്‍വര്‍ ഇന്നും ആവര്‍ത്തിച്ചു. യുവാക്കള്‍ മുഴുവന്‍ അന്തംവിട്ട് കുഴിമന്തിയും കഴിച്ച് ഫോണില്‍ കുത്തി നടക്കുകയാണ്. എങ്ങോട്ടാണ് ഈ രാജ്യം പോകുന്നതെന്ന് അവര്‍ക്ക് ധാരണയില്ല. കാലാകാലം കോഴിബിരിയാണിയും കഴിച്ച് കിടന്നുറങ്ങാമെന്ന ധാരണയാണ് അവര്‍ക്ക്. കേരളത്തെ വലിയൊരു ആപത്തിലേക്ക് കൊണ്ടുപോകുന്നു. ഇവിടെ ഇന്നുള്ള മനുഷ്യരുടെ സ്നേഹം ഇല്ലായ്മ ചെയ്യാന്‍ യൂട്യൂബര്‍മാര്‍ ഇറങ്ങുന്നു. അതിന് നേതൃത്വം നല്‍കുന്ന ഷാജന്‍ സ്‌കറിയയെ മഹത്വവല്‍ക്കരിക്കുന്നു. എന്റെ ഒരു വര്‍ഷത്തെ അധ്വാനമാണ് ഷാജന്‍ സ്‌കറിയയ്ക്കെതിരെയുള്ളത്. എന്റെ കുറേ പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഇവരിപ്പോള്‍ അയാളെ മഹത്വവത്കരിക്കുകയാണ്.
വഴിയില്‍നിന്ന് കയറിവന്നവനാണെന്നും പാര്‍ട്ടിക്ക് വിരുദ്ധമായി സംസാരിച്ചെന്നൊക്കെ മുഖ്യമന്ത്രി പറഞ്ഞതില്‍ വിഷമമില്ല. എന്നാല്‍ കള്ളന്മാരുടെ നേതാവാക്കി സമൂഹത്തിന് മുന്നില്‍ എന്നെ ഇട്ടു. വ്യക്തിപരമായി നിയമപരമല്ലാത്ത എന്തെങ്കിലും ആവശ്യം ശശിയോട് ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അത് ചെയ്തുകൊടുത്തില്ലെങ്കില്‍ പുറത്താക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതും വിഷമമുണ്ടാക്കി’ അന്‍വര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ കണക്കില്‍ ഒരു പാരസിറ്റമോള്‍ പോലും എട്ട് വര്‍ഷത്തിനിടെ വാങ്ങിയിട്ടില്ല. എന്റെ രാഷ്ട്രീയം നിലമ്പൂരില്‍ അഞ്ചാം തീയതി വിശദീകരിക്കും. ഒരു പരസ്യവും ചെയ്യില്ല. ജനംവേണമെങ്കില്‍ വരട്ടെയെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.