എലത്തൂർ: വീട്ടുകാർ ഉറങ്ങിക്കിടക്കവെ അകത്തുകടന്ന മോഷ്ടാവ് വീട്ടമ്മയുടെ കഴുത്തിൽനിന്ന് മാല മോഷ്ടിച്ചു. എരഞ്ഞിക്കൽ പി.വി.എസ് സ്കൂളിനു സമീപം കാഞ്ഞിരമണ്ണിൽ മോഹനന്റെ ഭാര്യയുടെ കഴുത്തിൽനിന്നാണ് രണ്ടു പവൻ മാല കവർന്നത്. ബുധനാഴ്ച പുലർച്ച രണ്ടുമണിയോടെയാണ് സംഭവം. വാതിലും ജനലും ഒന്നിച്ചുചേർന്നുള്ള വീടിന്റെ മുൻഭാഗത്തെ ജനലിലൂടെ കൈയിട്ട് വാതിലിന്റെ ടവർബോൾട്ട് തുറന്ന് അകത്തുകയറിയ മോഷ്ടാവ് വീട്ടമ്മയുടെ കഴുത്തിൽനിന്ന് മാല കവരുകയായിരുന്നു. ഉണർന്നപ്പോഴാണ് കഴുത്തിലെ മാല മോഷണം പോയതറിയുന്നത്. വാതിൽ തുറന്നിട്ട നിലയിലായിരുന്നു. എലത്തൂർ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് എസ്.ഐ കെ.എൻ. വാസുദേവന്റെ നേതൃത്വത്തിൽ പൊലീസെത്തി അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.