Local News

കുടിവെള്ളം മുട്ടിക്കുന്ന തണൽ മരം: വിഷയം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ


കോഴിക്കോട്:വയനാട് റോഡിൽ മൂഴിക്കൽ ജുമാ മസ്ജിദിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രത്തിനരികെ തണൽ മരം കുടിവെള്ളം മുട്ടിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ദേശീയപാതാ അതോറിറ്റിക്ക് നോട്ടീസ് അയച്ചു.

ദേശീയ പാതാ വിഭാഗം പ്രോജക്റ്റ് ഓഫീസറും ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറും വിഷയം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 30 ന് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

ബസ് കാത്തിരിപ്പ് കേന്ദത്തിന് സമീപം പൈപ്പ് പൊട്ടിയത് പരിശോധിക്കുന്നതിനിടയിലാണ് മരം മുറിച്ചാൽ മാത്രമേ പൈപ്പ് നന്നാക്കാൻ കഴിയുകയുള്ളുവെന്ന് മനസിലാക്കിയത്. രണ്ടു വേരുകൾ മുറിച്ചെങ്കിലും പൊട്ടൽ കണ്ടെത്താനായില്ല. കൂടുതൽ വേരുകൾ മുറിച്ചാൽ മരം വീഴാൻ സാധ്യതയുണ്ട്. ഇതോടെയാണ് വാട്ടർ അതോറിറ്റി ദേശീയ പാതാ അതോറിറ്റിക്ക് കത്തെഴുതിയത്. അതോറിറ്റിയുടെ ഉടമസ്ഥതതയിലുള്ളതാണ് തണൽ മരം .

വെള്ളിമാടുകുന്ന് ടാങ്കിൽ നിന്നും ചെലവൂർ ഭാഗത്തേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന 250 എം എം കാസ്റ്റ് അയൺ പൈപ്പിനാണ് മരത്തിന്റെ വേരുകൾ കാരണം തകരാർ സംഭവിച്ചത്. വെള്ളം പൊട്ടി ഒഴുകുന്നത് കാരണം പ്രദേശത്തെ വീടുകളിൽ കുടിവെള്ള ലഭ്യത കുറവാണ്.

പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.


Reporter
the authorReporter

Leave a Reply