കോഴിക്കോട്: കോർപറേഷന്റെ വലിയ കെട്ടിടങ്ങളിലൊന്നായ സൗത്ത് ബീച്ചിൽ വലിയങ്ങാടിയുടെ കവാടത്തിലുള്ള പഴയ പാസ്പോർട്ട് ഓഫിസ് കെട്ടിടം പൊളിച്ച് പണിയാനുള്ള നടപടികൾ തുടങ്ങി. കെട്ടിടം പണിക്കുള്ള വിശദ പദ്ധതി രേഖ തയാറാക്കാൻ എം പാനൽ ആർക്കിടെക്ടുമാരിൽ നിന്നുള്ള അപേക്ഷ പരിഗണിച്ചതിൽ സോൾസിറ്റീസ് അർബൻ ഇൻഫ്രാസ്ട്രക്ചർ എന്ന സ്ഥാപനത്തിന് രേഖയുണ്ടാക്കാനുള്ള ചുമതലയേൽപിക്കാൻ കോർപറേഷൻ ധനകാര്യ സ്ഥിരം സമിതി തീരുമാനിച്ചു. ചൊവ്വാഴ്ചത്തെ കോർപറേഷൻ കൗൺസിൽ യോഗം ഈ തീരുമാനം അംഗീകരിച്ചാൽ കമ്പനിക്ക് ഡി.പി.ആർ തയാറാകാനുള്ള നിർദേശം നൽകാനാവും. നഗരത്തിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പുതുക്കാനും പുതിയ കെട്ടിടങ്ങൾ പണിയാനുമുള്ള കോർപറേഷന്റെ 2022 ഒക്ടോബർ 18 ന്റെ തീരുമാനമടിസ്ഥാനമാക്കിയാണ് നടപടി.
പൊളിക്കാനുള്ളത് 12 കെട്ടിടങ്ങൾ
കാലപ്പഴക്കമുള്ള 12 വലിയ കെട്ടിടങ്ങൾ പൊളിച്ച് പുതിയ കെട്ടിട സമുച്ചയങ്ങൾ പണിയാനാണ് 2022ലെ തീരുമാനം. അപകടാവസ്ഥയിലുള്ള പഴയ കെട്ടിടങ്ങൾ കാരണമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം നഗരസഭക്ക് കൂടുതൽ വരുമാനമുണ്ടാക്കുന്ന കെട്ടിട സമുച്ചയങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യം.
ഇതിനായി ഓരോ കെട്ടിടത്തിനും പ്രത്യേകമായി വിശദമായ പദ്ധതി രേഖകൾ (ഡി.പി.ആർ) തയാറാക്കുന്നതിനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. സൗത്ത് ബീച്ചിൽ വലിയങ്ങാടിയുടെ കവാടത്തിലുള്ള പഴയ പാസ്പോർട്ട് ഓഫിസ് പ്രവർത്തിച്ച കെട്ടിടവും അപകടാവസ്ഥയിലായതിനാൽ അടച്ചുപൂട്ടാൻ തീരുമാനിച്ച ടാഗോർ ഹാളും പൊളിക്കാനുള്ള കെട്ടിടങ്ങളുടെ പട്ടികയിൽപെടുന്നു. മെഡിക്കൽ കോളജിലെ വേണാട് കെട്ടിടം, കാരപ്പറമ്പ് മാർക്കറ്റ് കെട്ടിടം, പുതിയങ്ങാടി മാർക്കറ്റ്, ഇടിയങ്ങര മാർക്കറ്റ്, പുതിയറ മാർക്കറ്റ്, പുതിയ പാലം കമേഴ്സ്യൽ കോംപ്ലക്സ്, അരീക്കാട് കമേഴ്സ്യൽ കോംപ്ലക്സ്, കിഴക്കെ നടക്കാവിലെ ശുചീകരണത്തൊഴിലാളികൾ താമസിക്കുന്ന കോളനി, വെസ്റ്റ്ഹിൽ മാർക്കറ്റ് കെട്ടിടം, മൊയ്തീൻപള്ളി റോഡിലെ ന്യൂബസാർ തുടങ്ങിവയാണ് പുതുക്കിപ്പണിയുന്നത്. വായ്പയെടുത്താണോ, സ്വകാര്യ പങ്കാളിത്തത്തോടെയാണോ നിർമിക്കേണ്ടതെന്ന കാര്യവും മറ്റും ഡി.പി.ആർ തയാറായശേഷമേ തീരുമാനിക്കുകയുള്ളൂ.
കോഴിക്കോട്ട് പാസ്പോർട്ട് ഓഫിസ് തുടങ്ങിയപ്പോൾ പ്രവർത്തിച്ചത് വലിയങ്ങാടിയിലെ പഴയ കെട്ടിടത്തിലായിരുന്നു. പിന്നീട് എരഞ്ഞിപ്പാലത്ത് സ്വന്തം കെട്ടിടത്തിലേക്ക് പാസ്പോർട്ട് ഓഫിസ് മാറിയെങ്കിലും പഴയ പാസ് പോർട്ട് ഓഫിസ് കെട്ടിടത്തിൽനിന്ന് വേണ്ടത്ര വരുമാനമുണ്ടാക്കാൻ കോർപറേഷനായില്ല. വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുവെങ്കിലും പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം ശോച്യാവസ്ഥയിലാണ്. ഇത് പൊളിച്ച് വലിയ കെട്ടിട സമുച്ചയമുണ്ടാക്കിയാൽ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറുന്ന സൗത്ത് ബീച്ചിനോട് ചേർന്നുള്ള പുതിയ പദ്ധതി നഗരത്തിന് മുതൽക്കൂട്ടാവുമെന്നാണ് പ്രതീക്ഷ. താൽക്കാലിക അറ്റകുറ്റപ്പണികൾ കൊണ്ട് പരിഹരിക്കാവാത്തതിനെ തുടർന്ന് റെഡ് ക്രോസ് റോഡിലെ ടാഗോർ ഹാൾ പൊളിച്ചുപണിയാൻ കോർപറേഷൻ തീരുമാനിച്ചതാണ്.