Saturday, November 23, 2024
General

അർജുന്റെ ലോറി നദിയുടെ അടിത്തട്ടിൽ ഇല്ലെന്ന് നേവി


ബെംഗളൂരു/കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലെ വന്‍ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നു. നേവിയുടെ ഡൈവര്‍മാര്‍ ഗംഗാവാലി പുഴയിലിറങ്ങി നടത്തിയ പരിശോധനയില്‍ അര്‍ജുൻ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. നേവിയുടെ ഡൈവര്‍മാര്‍ പുഴിയിലിറങ്ങി പരിശോധിച്ചുവെന്നും ലോറി കണ്ടെത്താനായിട്ടില്ലെന്നും ഉത്തര കന്നട ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു. മണ്ണിനടിയിൽ ലോറി ഉണ്ടോയെന്ന് ഉറപ്പുവരുത്താൻ മെറ്റല്‍ ഡിറ്റക്ടറുകള്‍ എത്തിച്ച് പരിശോധന നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.  

മെറ്റൽ ഡിറ്റക്ടറുകൾ ചിത്രദുർഗയിൽ നിന്നും മംഗളുരുവിൽ നിന്നും കൊണ്ട് വരും. റോഡിലേക്ക് ഇടിഞ്ഞ മണ്ണിനടിയിൽ ലോറി ഉണ്ടാകുമെന്നാണ് അര്‍ജുന്‍റെ കുടുംബത്തിന്‍റെ പ്രതീക്ഷ. ലോറിയുടെ ജിപിഎസ് ലോക്കേഷൻ മണ്ണിനടിയിലാണ് ഏറ്റവും ഒടുവിലായി കാണിച്ചിരുന്നത്. നേവി ഡൈവര്‍മാര്‍ക്ക് പുറമെ 100 അംഗം എന്‍ഡിആര്‍എഫ് സംഘമാണ് മണ്ണ് നീക്കിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിരിക്കുന്നത്. എഡിജിപി ആര്‍ സുരേന്ദ്രയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ജൂലൈ 16 ന് രാവിലെയാണ് കൂറ്റൻ മണ്ണിടിച്ചിലിൽ പ്രദേശമാകെ തകർന്നത്.

ജിപിഎസ് ലൊക്കേഷന്‍ വഴി പരിശോധിക്കുമ്പോള്‍ കഴിഞ്ഞ നാലു ദിവസമായി മണ്ണിനടിയിലാണ് മരം കയറ്റിവന്ന ലോറി കിടക്കുന്നത്. എന്നാല്‍ ഓഫ് ആയിരുന്ന അര്‍ജുന്റെ ഫോണ്‍ ഇന്നലെയും ഇന്നും ബെല്ലടിച്ചതിൽ പ്രതീക്ഷയിലാണ് കുടുംബം. അപകടത്തിന്‍റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് അര്‍ജുന്‍റെ KA15A 7427 എന്ന മരം കയറ്റി വരികയായിരുന്ന ലോറിയും മണ്ണിനടിയിലാണെന്ന ഞെട്ടിപ്പിക്കുന്ന വിവരം കുടുംബം അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കളില്‍ ചിലര്‍ അങ്ങോട്ട് പോയി വാഹനത്തിന്‍റെ ലൊക്കേഷന്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

അനിശ്ചിതത്വത്തിന്‍റെയും തീരാസങ്കടങ്ങളുടെയും പെരുമഴയത്താണ് നാലാം ദിവസവും കൈക്കുഞ്ഞടങ്ങിയ അര്‍ജുന്‍റെ കുടുംബം.രണ്ടു ദിവസം ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും ഇന്നലെ രാവിലെ ഭാര്യ കൃഷ്ണപ്രിയ വിളിച്ചപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു. ഇതോടെ പ്രതീക്ഷകള്‍ മുളപൊട്ടുകയായിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ചോഫ് ആയെങ്കിലും അര്‍ജുന്‍ ഉറപ്പായും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് കുടുംബത്തിന് ലഭിച്ച ഉറപ്പായിരുന്നു ആ ബെല്ലടി. ഹൃദയം നുറുങ്ങുന്ന വേദനകള്‍ക്കിടിയിലും പ്രതീക്ഷ വീണ്ടും സജീവമാക്കി ഇന്ന് രാവിലെ മണ്ണിനടിയില്‍ക്കിടക്കുന്ന ലോറിയില്‍ നിന്നും വീണ്ടും അര്‍ജുന്റെ ഫോണ്‍ ബെല്ലടിച്ചു.

ഈ മാസം എട്ടിനാണ് മരത്തിന്‍റെ ലോഡ് കൊണ്ടു വരാനായി അര്‍ജുന്‍ കര്‍ണാടകയിലേക്ക് പോയത്.കുടുംബത്തിന്‍റെ അത്താണിയായ അര്‍ജുന്  പന്‍വേല്‍ -കന്യാകുമാരി ദേശീയപാതസുപരിചിതമാണ്. മണ്ണ് കല്ലും കടക്കാന്‍ ഇടയില്ലാത്തതരത്തില്‍ സുരക്ഷാസംവിധാനങ്ങളേറെയുള്ള കാബിനാണ് വാഹനത്തിനുള്ളത്.രക്ഷാപ്രവര്‍ത്തനം ആദ്യ ഘട്ടത്തില്‍ തടസപ്പെട്ടെങ്കിലും പ്രതിസന്ധികളെല്ലാം മറികടന്ന് അസാധാരണ മനക്കരുത്തോടെ അര്‍ജുന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നാണ് കുടുംബത്തിന്‍റെ പ്രതീക്ഷ.ഷിരൂരിലെ ഫീൽഡ് ഓഫീസറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മണ്ണുമാറ്റിയുള്ള തെരച്ചില്‍ തുടരുകയാണെന്നും അര്‍ജുന്‍റെ കുടുംബത്തെ കണ്ട് നിലവിലെ സാഹചര്യം അറിയിച്ചുവെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹിൽ കുമാര്‍ പറഞ്ഞു.അര്‍ജുന്‍റെ വീട്ടിലെത്തിയശേഷം പ്രതികരിക്കുകയായിരുന്നു കളക്ടര്‍.


Reporter
the authorReporter

Leave a Reply