തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. മഴ ശക്തമാകാൻ സാധ്യതയുള്ള കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, തൃശൂർ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ പുതിയതായി രൂപംകൊണ്ട ന്യൂനമർദ പാത്തിയുടെ ഫലമായാണ് മഴ.
കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് മുതൽ 16 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയാണ് ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നത്.
കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളിൽ തീരദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാനും നിർദേശമുണ്ട്. അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ 16 വരെ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.