തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടായെന്ന് വിലയിരുത്തി സിപിഐ. പരമ്പരാഗത ഈഴവ വോട്ടുകൾ നഷ്ടമായി. നായർ ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ കുറവ് ഉണ്ടായിട്ടുണ്ട്. സാമുദായിക ധ്രുവീകരണം തിരിച്ചറിയാനോ പരിഹരിക്കാനോ പാർട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ലെന്നും വിലയിരുത്തലുണ്ട്. ഭരണവിരുദ്ധ വികാരം തോൽവിക്ക് കാരണമാണെന്ന് സിപിഐ എക്സിക്യൂട്ടീവിൽ അഭിപ്രായം ഉയർന്നു.
മുഖ്യമന്ത്രിയുടെ ശൈലിയിൽ അടക്കം കടുത്ത വിമർശനം ജില്ലാ തല നേതൃയോഗങ്ങളിൽ ഉണ്ടായിരുന്നെങ്കിലും സംസ്ഥാന കൗൺസിലിൽ അവതരിപ്പിക്കുന്ന തzരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ പരാമർശിക്കേണ്ടെന്നാണ് സിപിഐ എക്സിക്യൂട്ടീവ് തീരുമാനം. ഇന്നും നാളെയും സംസ്ഥാന കൗൺസിൽ യോഗം ചേരും. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും തോൽവി ഏറ്റുവാങ്ങി.