ദില്ലി:പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രോടേം സ്പീക്കറായടി ഭർതൃഹരി മഹത്താബ് സത്യപ്രതിജ്ഞ ചെയ്തു. പാർലമെൻററികാര്യ മന്ത്രി കിരൺ റിജിജുവിന് ഒപ്പമാണ് മഹത്താബ് പാര്‍ലമെന്‍റിലെത്തിയത്. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലി കൊടുത്തു. 11മണിയോടെയായിരിക്കും പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ആരംഭിക്കുക.
ഇന്നും നാളെയും എംപിമാരുടെ സത്യപ്രതിജ്ഞയാണ് നടക്കുക. ആദ്യം പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്നായിരിക്കും എംപിമാരുടെ സത്യപ്രതിജ്ഞ.
അതേസമയം, പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും ആദ്യ സമ്മേളനത്തില്‍ പോകുന്നതിന് മുമ്പ് നിയുക്ത കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു.
വൈകിട്ട് നാല് മണിയോടെയാകും കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ. കേരളത്തിലെ പതിനെട്ട് പേർ ഇന്ന് ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. വിദേശ സന്ദർശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. നാളെ തുടങ്ങുന്ന ലോക്സഭ സമ്മേളനത്തിന്‍റെ ആദ്യ രണ്ട് ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക.












