നിരന്തരമായ പരുക്കുകൾ കൊണ്ട് ബാറ്റർ മാരെ അങ്കലാപ്പിലാക്കുന്ന ന്യൂയോർക്കിലെ നാസോ കൗണ്ടി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ അപകട പിച്ച് മിനുക്കിയെടുക്കുമെന്ന് ഐ.സി.സി. പുതുതായി ഒരുക്കിയ പിച്ചിന്റെ ഘടന ഞായറാഴ്ച പാകിസ്ഥാനും തമ്മിലുള്ള മത്സരത്തെ സാരമായി ബാധിക്കുമെന്നും ആയതിനാൽ മത്സരം മറ്റൊരു സ്റ്റേഡിയത്തിലേക്ക് മാറ്റണമെന്നും പരാതി ഉയർന്നിരുന്നു. ഇത് പരിഗണിച്ച ഐ.സി.സി മത്സരവേദി മാറ്റില്ലെന്നും പിച്ചിൻ്റെ ഘടനയിൽ മാറ്റം വരുത്തുമെന്നുമുള്ള മറുപടിയാണ് നൽകിയത്.
നേരത്തേ ഇവിടെ നടന്ന അയർലൻഡിനെതിരായ മത്സരത്തിൽ പന്ത് കൊണ്ട് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പരുക്കേറ്റിരുന്നു. ഇതിനെ തുടർന്ന് താരം റിട്ടയേർഡ് ഹർട്ടായി മടങ്ങി. ഋഷഭ് പന്ത് പരുക്കേൽക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. അദ്ദേഹത്തിൻ്റെ കൈ മുട്ടിൽ പന്ത് കൊള്ളുകയും ഫിസിയോ ഗ്രൗണ്ടിലെത്തി പരിശോധിക്കേണ്ട അവസ്ഥയുണ്ടാവുകയും ചെയ്തിരുന്നു. ലോകകപ്പിലെ തന്നെ ഗ്ലാമർ പോരാട്ടങ്ങളിലൊന്നാണ് ഞായറാഴ്ച അരങ്ങേറുന്നത്.
ഈ മത്സരം നടക്കുന്ന നാസോ സ്റ്റേഡിയത്തെ പിച്ചിലെ നിലവാരത്തകർച്ച ചൂണ്ടിക്കാട്ടി താരങ്ങളും മുൻ താരങ്ങളും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഗ്ലാമർ പോരാട്ടം കാണാനായി 30,000 സീറ്റുകൾ ഒരുക്കിയ സ്റ്റേഡിയത്തിൽ പിച്ചിൻ്റെ അവസ്ഥ കാരണം കാണികളുടെ കുറവുണ്ടാകുമെന്ന ആശങ്കയും ഐ.സി.സിക്കുണ്ട്. ഇത് പരിഗണിച്ചാണ് പിച്ചിൻ്റെ ഘടനയിൽ മാറ്റം വരുത്താനുള്ള തീരുമാനം കൈക്കൊണ്ടത്. “പിച്ചിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾക്കായി നിലവാരമുള്ള പിച്ച് ഒരുക്കുകയാണ് ലക്ഷ്യം. അതിനായി വിദഗ്ധ സംഘം വേണ്ട രീതിയിലുള്ള നടപടി സ്വീകരിക്കുന്നുണ്ട്.” ഐ.സി.സി പ്രസ്താവനയിൽ വ്യക്തമാക്കി.നേരത്തേ ഈ സ്റ്റേഡിയത്ത് നടന്ന ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തിലും നിലവാരത്തകർച്ചയുണ്ടായതായും പരാതികൾ ഉയർന്നിരുന്നു. അന്ന് ആദ്യം ബാറ്റുചെയ്ത ലങ്ക 77 റൺസിനു പുറത്തായപ്പോൾ പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യത്തിലെത്താൻ ഏറെ കഷ്ടപ്പെടേണ്ടി വന്നു.