പാലക്കാട് : ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം സിപിഎമ്മിന്റെ അകമഴിഞ്ഞ പിന്തുണകൊണ്ടെന്നത് പകൽ പോലെ വ്യക്തമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ.
ഇത്തവണ പാർട്ടി നേരിട്ട് തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയെ സഹായിക്കാനായി രംഗത്തിറങ്ങിയ കാഴ്ചയാണ് പാലക്കാട് കണ്ടത്.
സിപിഎമ്മിന്റെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളായ മലമ്പുഴ, കോങ്ങാട്, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിൽ പതിനായിരക്കണക്കിന് സിപിഎം വോട്ട് യുഡിഎഫിന് അനുകൂലമായി നൽകിയതുകൊണ്ടാണ് വലിയ ഭൂരിപക്ഷം ലഭിച്ചത്.
സിപിഎം പോളിറ്റ് ബ്യൂറോ മെമ്പറായ എൽഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ സി.പി.എം ജില്ലാ നേതൃത്വം തന്നെ രംഗത്തിറങ്ങിയതിന്റെ തെളിവാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ 40,000 ത്തോളം പാർട്ടി വോട്ടുകൾ നഷ്ടമായി എന്ന പ്രസ്താവന. പാർട്ടി സംവിധാനം അനുസരിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം കൃത്യമായി വിലയിരുത്താൻ കഴിയും എന്നിരിക്കെ, ഒന്നുമറിയാത്ത പോലെയുള്ള നേതാക്കളുടെ ഇത്തരം പ്രസ്താവനകൾ,
വോട്ടുമറിക്കൽ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന കുറ്റസമ്മതമാണ്.
ഇതിന് സമാനമായി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിലെ ഒരു വിഭാഗം യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് മറിച്ചു കൊടുത്തിരുന്നത് പാർട്ടി അണികൾ ഉൾപ്പടെ എല്ലാവരും തിരിച്ചറിഞ്ഞതാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും
ഷാഫി പറമ്പിലിനെ വിജയിപ്പിക്കാനായി സ്വന്തം പ്രവർത്തകരെ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യിപ്പിച്ച പാരമ്പര്യവും സിപിഎം നേതൃത്വത്തിനുണ്ട് എന്ന കാര്യവും പാലക്കാട്ടുകാർ മറന്നിട്ടില്ല.
എൻ.ഡി.എക്ക് പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് വർദ്ധിച്ചു .
2019ലെ 2,18,556 വോട്ടിൽ നിന്ന് 2,51,778 വോട്ടായി വർദ്ധിപ്പിക്കാൻ എൻ.ഡി.എക്ക് കഴിഞ്ഞു.
പാലക്കാട് നിയമസഭാമണ്ഡലത്തിൽ രണ്ടാം സ്ഥാനവും, പാലക്കാട് നഗരസഭ പരിധിയിൽ ഒന്നാംസ്ഥാനവും എൻ.ഡി.എ നേടിക്കഴിഞ്ഞു.
മണ്ഡലത്തിൽ വലിയ മുന്നേറ്റം നടത്താൻ സഹായിച്ച പാലക്കാട് ലോകസഭാ മണ്ഡലത്തിലെ മുഴുവൻ വോട്ടർമാർക്കും എൻ.ഡി.എ ലോക്സഭാ കമ്മറ്റിയുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു.