Sunday, December 22, 2024
LatestPolitics

മുന്നൂറിലധികം സീറ്റുകളുമായി എന്‍ഡിഎ അധികാരത്തിലേറുമെന്ന് പ്രവചനം


ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. നരേന്ദ്രമോദിക്ക് മൂന്നാം ഊഴമെന്നാണ് സർവേകൾ പ്രവചിക്കുന്നത്. മുന്നൂറിലധികം സീറ്റുകളുമായി എന്‍ഡിഎ അധികാരത്തിലേറും എന്നാണ് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ പ്രവചനം. ഇത്തവണ 400 സീറ്റുകൾ നേടുമെന്ന അവകാശവാദവുമായിട്ടാണ് മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. എന്നാല്‍, സ്വപ്ന സഖ്യയിലേക്ക് എന്‍ഡിഎ എത്തിലെന്നാണ് പ്രവചനങ്ങള്‍.

എൻഡിഎ 353 മുതല്‍ 368 വരെ സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 118 സീറ്റ് മുതല്‍ 133 സീറ്റ് വരെയും മറ്റുള്ളവ 43 മുതല്‍ 48 വരെ സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ് പ്രവചിക്കുന്നത്. എൻഡിഎ 362 മുതല്‍ 392 വരെ സീറ്റ് നേടുമെന്നാണ് ജൻകി ബാത് പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 141 മുതല്‍ 161 സീറ്റ് വരെ നേടുമെന്നും ജൻകി ബാത് പ്രവചിക്കുന്നു. എൻഡിഎ 359 സീറ്റും ഇന്ത്യ സഖ്യം 154 സീറ്റും മറ്റുവള്ളവര്‍ 30 സീറ്റും നേടുമെന്നാണ് റിപ്പബ്ലിക് ഭാരത് പി മാർക്ക് പ്രവചിക്കുന്നത്. എന്‍ഡിഎ 371 സീറ്റും ഇന്ത്യ സഖ്യം 125 സീറ്റും മറ്റുള്ളവര്‍ 47 സീറ്റും വിജയിക്കുമെന്ന് ന്യൂസ് എക്സും പ്രവചിക്കുന്നു.

കേരളത്തില്‍ യുഡിഎഫിന് മേധാവിത്വം

കേരളത്തില്‍ യുഡിഎഫിന് മേധാവിത്വം ഉണ്ടാകുമെന്നാണ് പുറത്തുവന്ന എക്സിറ്റ് പോളുകളെല്ലാം പറയുന്നത്. ടൈംസ് നൗ–ഇടിജി എക്‌സിറ്റ് പോൾ പ്രകാരം കേരളത്തിൽ യുഡിഎഫിന് 14–15 സീറ്റുകൾ ലഭിക്കും. ഇടതുമുന്നണി 4 സീറ്റും ബിജെപി ഒരു സീറ്റും നേടുമെന്നാണ് പ്രവചനം. തൃശൂർ മണ്ഡലത്തില്‍ ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപി ബിജെപി ജയിക്കുമെന്നാണ് പ്രവചിക്കുന്നത്. ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേയും എൽഡിഎഫിന് തിരിച്ചടിയാണ് പ്രവചിക്കുന്നത്. എൽഡിഎഫ് പൂജ്യം മുതൽ ഒന്ന് വരെയും യുഡിഎഫ് 17 മുതൽ 18 വരെയും എൻഡിഎ 2 മുതൽ 3 വരെയും സീറ്റ് നേടുമെന്ന് പറയുന്നു.

ടൈംസ് നൗ-ഇടിജി സർവേയിൽ എൽഡിഎഫിന് നാല് സീറ്റുകളാണ് പ്രവചിക്കുന്നത്. 14-15 സീറ്റുകൾ യുഡിഎഫിനും ഒരുസീറ്റ് എൻഡിഎക്കും പ്രവചിക്കുന്നു. പുറത്തുവന്ന എല്ലാം എക്‌സിറ്റ് പോളുകളിലും ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചനം. ഇന്ത്യാ ടിവി-സിഎൻഎക്സ് സർവേയിൽ എൽഡിഎഫ് മൂന്ന് മുതൽ അഞ്ച് വരെയും യുഡിഎഫ് 13 മുതൽ 15 വരെയും എൻഡിഎ ഒന്ന് മുതൽ മൂന്ന് സീറ്റുവരെയും പ്രവചിക്കുന്നു. സംസ്ഥാനത്ത് എൽ‍ഡിഎഫിന്റെ വോട്ടുവിഹിതം കുത്തനെ ഇടിയുമെന്നും എൻഡിഎയുടെ വോട്ടുവിഹിതം കുത്തനെ വർധിക്കുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു.

കർണാടകയിൽ ബിജെപി മുന്നേറ്റം

കർണാടകയിൽ ബിജെപി മുന്നേറ്റമെന്നാണ് ഇന്ത്യ ടുഡെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നിരിക്കുന്നത്. തമിഴ്നാട്ടിൽ ഇന്ത്യ സഖ്യത്തിന് 33 മുതൽ 37 വരെ സീറ്റുകൾ ലഭിക്കുമെന്നും ബിജെപിക്ക് രണ്ട് മുതൽ 4 സീറ്റ് വരെ ലഭിക്കുമെന്നും ഇന്ത്യ ടുഡെ എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നു. അണ്ണാ ഡിഎംകെയ്ക്ക് പരമാവധി രണ്ട് സീറ്റുകളായിരിക്കും ലഭിക്കുക. എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണ ഹാസൻ മണ്ഡലത്തിൽ ജയിക്കുമെന്നും ഇന്ത്യ ടുഡേ പ്രവചിക്കുന്നു.

തെലങ്കാനയിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമെന്ന് എബിപി പ്രവചിക്കുന്നു.

ബിജെപി – 07-09
കോൺഗ്രസ് – 07-09
ബിആർഎസ് – 0 – സീറ്റ് നേടില്ലെന്നുറപ്പ് – ഒരു സീറ്റും പ്രവചിക്കുന്നില്ല
എഐഎംഐഎം – 0-1

തെലങ്കാനയിൽ ബിജെപി മുന്നിലെത്തുമെന്ന് ഇന്ത്യാ ടി വി സർവേ പ്രവചിക്കുന്നത്.

ബിജെപി – 8-10
കോൺഗ്രസ് – 6-8
ബിആർഎസ് – 0-1
എഐഎംഐഎം – 1

തെലങ്കാനയിൽ ബിജെപിക്ക് മുൻതൂക്കം നേടുമെന്നും തൊട്ടുപിന്നിൽ കോൺഗ്രസ് സീറ്റ് നേടുമെന്നും ന്യൂസ് 18 പ്രവചിക്കുന്നു.

ബിജെപി – 07-10
കോൺഗ്രസ് 05-08
ബിആർഎസ് – 02-05
മറ്റുള്ളവർ – 1


Reporter
the authorReporter

Leave a Reply