സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ നീരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, മലപ്പുറം,
കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. അടുത്ത മൂന്നു മണിക്കൂറില്‍ തൃശൂര്‍ ജില്ലയില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ഞായറാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ തീവ്രമഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ കാസര്‍കോട് ജില്ലളില്‍ യെല്ലോ അലര്‍ട്ടാണ്.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
അതേസമയം കോഴിക്കോട് കക്കയത്ത് കനത്ത മഴയില് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. ഇരുപത്തിയെട്ടാം മൈലില്‍ ഉരുള്‍പൊട്ടി കോഴി ഫാം തകര്‍ന്നു. ഇരുപത്തിയേഴാം മൈലിന് സമീപം മണ്ണിടിഞ്ഞ് കല്ലും മരവും റോഡിലേക്ക് വീണു. ഇടുക്കി പൂച്ചപ്രയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകള്‍ക്ക് കേടുപാടുണ്ടായി. ഏക്കര്‍ കണക്കിന് കൃഷി നശിക്കുകയും ചെയ്തു.