കൊട്ടാരക്കര താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് തഹസില്‍ദാരുടെ നേതൃത്വത്തില്‍ ക്വാറി, മണ്ണുകടത്ത് എന്നിവയുമായി ബന്ധപ്പെട്ട് വന്‍തുക കൈക്കൂലിയായി വാങ്ങുന്നുവെന്ന കണ്ടെത്തലില്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍. താല്‍ക്കാലിക ഡ്രൈവറെ പിരിച്ചുവിടുകയും ചെയ്തു.
താല്‍ക്കാലിക ഡ്രൈവറെ മറയാക്കി തഹസില്‍ദാറും സംഘവും വന്‍തുകകള്‍ കൈക്കൂലിയായി വാങ്ങുന്നുവെന്ന പരാതില്‍ റവന്യൂ മന്ത്രി പി. രാജന്റെ നിര്‍ദേശ പ്രകാരം നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് നടപടി. തഹസില്‍ദാര്‍ അജികുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ അനില്‍കുമാര്‍, ഡ്രൈവര്‍ മനോജ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തികയില്‍ ജോലി നോക്കുന്ന മനോജിനെ പിരിച്ചുവിടാനും തീരുമാനിച്ചു.
കൈക്കൂലി വാങ്ങുന്നുവെന്ന വ്യാപക പരാതി മന്ത്രിക്ക് ലഭിച്ചിരുന്നു. ഇഷ്ടിക കമ്പനി തുടങ്ങാന്‍ അനുമതി തേടിയ കുളക്കട സ്വദേശിയില്‍ നിന്ന് തഹസില്‍ദാരും ഡ്രൈവറും ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് മന്ത്രിക്ക് വേറെയും പരാതി ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് വന്‍തട്ടിപ്പുകള്‍ കണ്ടെത്തുന്നതിലേക്ക് നയിച്ചത്.