Saturday, November 23, 2024
GeneralPolitics

ലോക്സഭാ തെരഞ്ഞെടുപ്പ് ; അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്


രാജ്യത്ത് ഇന്ന് അഞ്ചാം ഘട്ട വോട്ടെടുപ്പ്. രാഹുല്‍ ഗാന്ധി, രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി തുടങ്ങിയ പ്രമുഖ നേതാക്കളുടെ മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു. എട്ട് സംസ്ഥാനങ്ങളില്‍ നിന്നും 49 മണ്ഡലങ്ങളിലെ 695 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 

ബിഹാര്‍ (5), ജമ്മു ആന്‍ഡ് കശ്മീര്‍ (1), ലഡാക്ക് (1), ജാര്‍ഖണ്ഡ് (4), മഹാരാഷ്ട്ര (13), ഒഡീഷ (5), ഉത്തര്‍ പ്രദേശ് (14), പശ്ചിമ ബംഗാള്‍ (7) എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. 

8.95 കോടിയിലധികം വോട്ടര്‍മാരാണ് 49 മണ്ഡലങ്ങളിലുമായി ഉള്ളത്. 4.69 കോടി പുരുഷന്മാരും 4.26 കോടി സ്ത്രീകളും 5409 ട്രാന്‍സ്‌ജെന്‍ഡര്‍മാരുമാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത്. 94,732 പോളിങ് സ്‌റ്റേഷനുകളിലായി 9.47 ലക്ഷം പോളിങ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പിന് വേണ്ടി നിയോഗിച്ചിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സുഗമമായ യാത്രയ്ക്ക് വേണ്ടി 17 പ്രത്യേക ട്രെയിനുകളും 508 ഹെലികോപ്റ്റര്‍ സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ വോട്ടെടുപ്പ് സുഗമമാക്കുന്നതിനായി 55 പൊതു നിരീക്ഷകരും 30 പൊലിസ് നിരീക്ഷകരും 68 ധനകാര്യ നിരീക്ഷകരും ഉള്‍പ്പെടെ ആകെ 153 നിരീക്ഷകരും സജ്ജമാണ്.

2000 ഫ്‌ളൈയിങ് സ്‌ക്വാഡുകളും 2105 സ്റ്റാറ്റിക് നിരീക്ഷണ ടീമുകളും 881 വീഡിയോ നിരീക്ഷണ ടീമുകളും 502 വീഡിയോ വ്യൂയിങ് ടീമുകളും സജ്ജമാണ്. ഏപ്രില്‍ 19, 26, മെയ് ഏഴ്, 13 എന്നീ തീയ്യതികളിലാണ് നാല് ഘട്ട വോട്ടെടുപ്പ് നടന്നത്. പോളിങ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും.

ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന നേതാക്കളുടെയും സ്ഥാനാര്‍ത്ഥികളുടെയും മണ്ഡലങ്ങളിലാണ് ഇത്തവണ വോട്ടെടുപ്പ് നടക്കുന്നത്. അമേത്തിയില്‍ നിന്നും മാറി സോണിയ ഗാന്ധിയുടെ സ്ഥിരം മണ്ഡലമായിരുന്ന റായ്ബലേറിയില്‍ നിന്നുമാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. ഉത്തര്‍ പ്രദേശ് മന്ത്രിയായ ദിനേശ് പ്രതാപ് സിങ്ങാണ് ബിജെപിക്ക് വേണ്ടി രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത്. അതേസമയം, അമേത്തിയില്‍ ഇത്തവണ ഗാന്ധി കുടുംബത്തിന്റെ എക്കാലത്തെയും വിശ്വസ്തനായ കിഷോരി ലാല്‍ ശര്‍മയെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ (ഹജിപൂര്‍), ജെകെഎന്‍സി അധ്യക്ഷന്‍ ഉമര്‍ അബ്ദുള്ള (ബരമുള്ള)യും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നവരാണ്.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പശ്ചി ബംഗാളില്‍ 7 ശതമാനത്തിലേറെ ബൂത്തുകള്‍ പ്രശ്‌ന ബാധിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ സുരക്ഷക്കായി 29,000 പൊലിസ് ഉദ്യോഗസ്ഥരെ കൂടാതെ 60,000 കേന്ദ്ര സൈനികരെയും വിന്യസിച്ചിട്ടുണ്ട്. മന്ത്രിമാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ ഇവിടെ ഏഴ് മണ്ഡലങ്ങളില്‍ ജനവിധി തേടുന്നു. 

കഴിഞ്ഞ ഘട്ടം വരെയുള്ള വോട്ടെടുപ്പില്‍ ഇതുവരെ 379 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് അവസാനിച്ചത്. മെയ് ഏഴിന് 96 മണ്ഡലങ്ങളില്‍ നടന്ന നാലാം ഘട്ട വോട്ടെടുപ്പില്‍ 69.16 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്.


Reporter
the authorReporter

Leave a Reply