Sunday, November 24, 2024
Politics

ലോക്സഭാ തെരഞ്ഞെടുപ്പ്; പശ്ചിമ ബംഗാളില്‍ സംഘര്‍ഷം


ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളിലെ രണ്ടിടങ്ങളില്‍ സംഘര്‍ഷം. ഛപ്രയിലെയും കൃഷ്ണനഗറിലെയും ബൂത്തുകളില്‍ സി.പി.എം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കേതുഗ്രാമിലെ പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.എം ആണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഞായറാഴ്ചയാണ് ബോംബ് ആക്രമണത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.
ദുര്‍ഗാപൂരില്‍ തൃണമൂല്‍ ബി.ജെ.പി പ്രവര്‍ത്തകർ ഏറ്റുമുട്ടി. ബിര്‍ഭത്ത് പോളിങ് സ്‌റ്റേഷന് പുറത്തുള്ള തങ്ങളുടെ സ്റ്റാള്‍ തൃണമൂല്‍ നശിപ്പിച്ചെന്നും ബി.ജെ.പി ആരോപിക്കുന്നു.

നാലാം ഘട്ടത്തില്‍ 10 സംസ്ഥാനങ്ങളിലെ 96 ലോക്‌സഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശിലെ ആകെയുള്ള 175 നിയമസഭ സീറ്റുകളിലേക്കും ഒഡിഷയിലെ 28 നിയമസഭ സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പും ഇതോടൊപ്പം നടക്കും.

തെലങ്കാന 17, ആന്ധ്രാപ്രദേശ് 25, ഉത്തര്‍പ്രദേശ് 13, ബിഹാര്‍ അഞ്ച്, ഝാര്‍ഖണ്ഡ് നാല്, മധ്യപ്രദേശ് എട്ട്, മഹാരാഷ്ട്ര 11, ഒഡിഷ നാല്, പശ്ചിമ ബംഗാള്‍എട്ട്, ജമ്മുകശ്മീര്‍ ഒന്ന് എന്നിങ്ങനെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. 370 ാം വകുപ്പ് റദ്ദാക്കിയതിനു ശേഷം ജമ്മുകശ്മീരില്‍ നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പാണിതെന്ന പ്രത്യേകതയുമുണ്ട്. കശ്മീര്‍ ലോക്‌സഭ സീറ്റിലേക്കാണ് വോട്ടെടുപ്പ്.

1,717 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 7.70 കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. 543 അംഗ ലോക്‌സഭയില്‍ 283 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇതുവരെ നടന്നത്. അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് മേയ് 20നാണ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് (കനൗജ്), കേന്ദ്രമന്ത്രി ഗിരിരാജ് സിങ് (ബെഗുസാരായ്), തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മൊഹുവ മൊയ്ത്ര (കൃഷ്ണനഗര്‍), എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി (ഹൈദരാബാദ്), കോണ്‍ഗ്രസ് നേതാവ് അധിര്‍രഞ്ജന്‍ ചൗധരി (ബഹറാംപുര്‍), വൈ.എസ് ശര്‍മിള (കടപ്പ) തുടങ്ങിയവരാണ് നാലാം ഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖര്‍.


Reporter
the authorReporter

Leave a Reply