Saturday, November 23, 2024
climat

ആലപ്പുഴ ജില്ലയില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്


ആലപ്പുഴ ജില്ലയില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. ചൂടേറിയതും അസ്വസ്ഥതയേറിയതുമായ അന്തരീക്ഷ സ്ഥിതി അടുത്ത രണ്ട ദിവസവും ജില്ലയില്‍ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇതിനുപുറമെ ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഇന്നും രാത്രിയും ചൂട് കൂടുമെന്ന മുന്നറിയിപ്പുണ്ട്. എന്നാല്‍, നാളെ ഇടുക്കി, മലപ്പുറം ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ജില്ലകളിലുള്ളത്. കൂടാതെ പാലക്കാട്, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഉയര്‍ന്ന താപനിലക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ആലപ്പുഴ ജില്ലക്കാള്‍ അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

* പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക

* ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക

* ധാരാളമായി വെള്ളം കുടിക്കുക

* അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക

* കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക

* നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക

* വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക

* കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം

* എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.


Reporter
the authorReporter

Leave a Reply