Local News

ദമ്പതികള്‍ ഉൾപ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു


ബന്ധുവായ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മുങ്ങി മരിച്ചു. നെടുമ്പന പഞ്ചായത്തില്‍പെട്ട മുട്ടക്കാവ് പാകിസ്താന്‍ മുക്ക് മുളവറക്കുന്ന് കാഞ്ഞിരവയലില്‍ വൈകീട്ട് 6.30നാണ് സംഭവം. വീടിനടുത്ത് ചളിയെടുത്ത നിലത്തില്‍ കുളിക്കാനിറങ്ങിയ ദമ്പതികളും ബന്ധുവായ യുവതിയുമാണ് മരിച്ചത്. മക്കളുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു അപകടം.

തിരുവനന്തപുരം പോത്തന്‍കോട് സ്വദേശികളും പാകിസ്താന്‍മുക്ക് തൈക്കാവിന് സമീപം വാടകയ്ക്ക് താമസിക്കുന്നവരുമായ സബീര്‍ (40), സുമയ്യ (35), കായംകുളം താമരക്കുളം സ്വദേശിയും കൊല്ലം പള്ളിത്തോട്ടം ഡിപ്പോപുരയിടത്തില്‍ അര്‍ഷാദിന്റെ ഭാര്യ ഷജീന (30) എന്നിവരാണ് മരിച്ചത്.

കായംകുളത്തു നിന്ന് ഒരാഴ്ച മുമ്പ് ഇവിടെ താമസമാക്കിയ ഇവര്‍ വെള്ളിയാഴ്ച വൈകീട്ട് മുളയറക്കുന്നിലെ വണ്ടിച്ചാലില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് സബീറിനെയും സുമയ്യയെയും കുളത്തില്‍നിന്ന് പുറത്തെടുത്തത്. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു.

തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിലാണ് സജീനയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് മൃതദേഹങ്ങളും ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കണ്ണനല്ലൂര്‍ പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അല്‍അമീന്‍, അല്‍സീന എന്നിവര്‍ സജീനയുടെ മക്കളാണ്. കബീറിനും സുമയ്യയ്ക്കും ആറും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്.


Reporter
the authorReporter

Leave a Reply