കോഴിക്കോട് : നരേന്ദ്ര മോദി സർക്കാർ പാവപ്പെട്ടവർക്കും, തൊഴിലാളികൾക്കുമൊപ്പം നിൽക്കുന്ന സർക്കാരാണെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി എംടി രമേശ്. ഇത് ബോധ്യപ്പെടുത്തുന്ന നടപടികളാണ് മോദി സർക്കാർ എക്കാലവും സ്വീകരിച്ചിട്ടുള്ളതെന്നും, കഴിഞ്ഞ 10 വർഷക്കാലം ഓരോ ഘട്ടത്തിലും തൊഴിലുറപ്പ് വേതനം കൂട്ടിയിട്ടുള്ള സർക്കാർ ആണ് മോഡി സർക്കാരെന്നും എംടി രമേശ് അഭിപ്രായപ്പെട്ടു.
തൊഴിലുറപ്പ് തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്തിയ സർക്കാർ ആണ് മോഡി സർക്കാർ.നൂറു ദിവസത്തെ തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്താനും, അതോടൊപ്പം തന്നെ വേതനം കൃത്യമായി തൊഴിലാളിക്ക് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും ആവശ്യമായ സംവിധാനം കേന്ദ്ര സർക്കാർ ചെയ്യുകയാണ്.
അതുകൊണ്ടുതന്നെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നരേന്ദ്രമോദിയോട് തീർത്താൽ തീരാത്ത സ്നേഹവും വിശ്വാസവും ഉണ്ട്. എം ടി രമേശ് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനായി പാലാഴിയിലെ തൊഴിലുറപ്പ് തൊഴിലാളികൾ സമാഹരിച്ചു നൽകിയ പണം സ്വീകരിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പ് തൊഴിലാളികളായ സഹോദരിമാർ അവരുടെ വിയർപ്പിന്റെ പണം ജാമ്യ സംഖ്യയായി കെട്ടിവെക്കാൻ തനിക്ക് നൽകിയത് ജീവിതത്തിലെ ഏറ്റവും വലിയ ഒരു അംഗീകാരമായി കാണുന്നുവെന്നും, .നരേന്ദ്രമോഡിയിലുള്ള തൊഴിലാളികളുടെ സ്നേഹവും, കരുതലുമാണ് ഈ അംഗീകാരത്തിന് പിന്നിലെന്നും എംടി രമേശ് അഭിപ്രായപ്പെട്ടു. നരേന്ദ്രമോഡിയുടെ ഗ്യാരണ്ടി പാവപ്പെട്ട തൊഴിലാളികൾക്ക് ലഭ്യമാക്കാൻ എല്ലാ പരിശ്രമവും തന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് അദ്ദേഹം തൊഴിലാളികൾക്ക് ഉറപ്പ് നൽകി.