ബേപ്പൂർ: സംഘടിത മുസ്ലീം വർഗീയ വോട്ടുകൾ കോൺഗ്രസും സിപിഎം പങ്കിട്ടെടുക്കുകയാണെന്ന് കോഴിക്കോട് എൻഡിഎ സ്ഥാനാർത്ഥി എം ടി രമേശ് .യുഡിഎഫിനെ പിന്തുണയ്ക്കുന്നത് എസ്ഡിപിഐ ആണെങ്കിൽ, എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിന് ബേപ്പൂരിൽ പിന്തുണ നൽകുന്നത് ജമാ അത്തെ ഇസ്ലാമിയാണ്. തീവ്രവാദ സംഘടനകൾക്ക് എക്കാലത്തും ഒത്താശ ചെയ്യുകയാണ് ഇടത് വലത് മുന്നണികൾ.
മാറാട് സംഭവം മറക്കാൻ കഴിയുമോ ബേപ്പൂരിലെ മനുഷ്യർക്ക്. ഒമ്പത് മാസക്കാലം ഒരു സമൂഹം ആകെ ഭീതിയോടെ കഴിഞ്ഞത് യുഡിഎഫും എൽ ഡി എഫും മറന്നുപോയോ? ആരെല്ലാം മറന്നാലും ബേപ്പൂരിലെ ജനങ്ങൾക്ക് ഒന്നും മറക്കാൻ കഴിയില്ല. എം ടി രമേശ് പറഞ്ഞു. മത തീവ്രവാദികളുടെ തോളിൽ കൈയിട്ട് വോട്ടു ചോദിക്കാൻ വരുന്ന മുന്നണികൾക്ക് ജനങ്ങൾ മറുപടി നൽകും അദ്ദേഹം കൂട്ടിച്ചേർത്തു.
ബേപ്പൂർ തുറമുഖം ഒരു കാലത്ത് ലക്ഷദ്വീപിലേക്കുള്ള കവാടമായിരുന്നു. എന്നാൽ ഇന്ന് തുറമുഖം അപ്രസക്തമായി. ബേപ്പൂർ തുറമുഖത്തെ തകർത്തതിന്റെ ഉത്തരവാദികൾ ആരൊക്കെയാണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. മാറാടെ മത്സ്യ തൊഴിലാളികൾക്ക് വേണ്ടി എന്ത് പാക്കേജാണ് ഇടത് വലത് മുന്നണികൾ നടപ്പാക്കിയത്. 10 വർഷത്തെ മോദി സർക്കാരിന്റെ വികസന നേട്ടങ്ങളാണ് എൻഡിഎയുടെ ഗ്യാരന്റിയെന്നും എം ടി രമേശ് പറഞ്ഞു. എൻഡിഎ ബേപ്പൂർ മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി.