Politics

എന്‍ഡിഎ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു


കോഴിക്കോട്: മോദിപരിവാര്‍ കേരളത്തിലും തരംഗമാകുന്നുവെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംടി രമേശിന്റെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓരോ ദിവസവും എന്‍ഡിഎയ്ക്ക് വിജയസാധ്യതഏറുകയാണ്. എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് മത്സരമെന്നും തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശൂര്‍, കോഴിക്കോട് സ്ഥാനാര്‍ത്ഥികള്‍ മികച്ചവരെന്ന സിപിഎം നേതാവ് ഇ.പി. ജയരാജന്റെ പ്രസ്താവന ഇക്കാര്യം വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും ഇന്‍ഡി സഖ്യത്തിന്റെ ഭാഗമായ സാഹചര്യത്തില്‍ കേരളത്തില്‍ എന്‍ഡിഎ യും ഇന്‍ഡി സഖ്യവും തമ്മിലാണ് മത്സരം.
ദേശീയതലത്തിലെന്നപോലെ കേരളവും മാറി ചിന്തിച്ചു തുടങ്ങി.


കേരളത്തിലെ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് കുടുംബങ്ങള്‍ മോദിപരിവാറിന്റെ ഭാഗമാകുന്നു. പരാജയഭീതിയില്‍ ഇരുമുന്നണികളും പ്രീണനത്തിന്റെ എല്ലാസീമകളും കടക്കുകയാണ്. പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികരുടെ കൂട്ടക്കുരുതിയെ വോട്ടുതട്ടാനുള്ള മാര്‍ഗമായി ഉപയോഗിക്കുകയാണ്. സൈനികരെ ഇന്ത്യകൊലയ്ക്കു കൊടുത്തുവെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ പരാമര്‍ശം ദേശവിരുദ്ധമാണ്. ആന്റോ പാക്കിസ്താന്‍ ചാരനാണെന്നും ഇയാളെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കുന്നില്ലെങ്കില്‍ അത് യുഡിഎഫ് നിലപാടായി തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വിരിയുന്ന നിരവധി താമരകളില്‍ ഒന്ന് കോഴിക്കോട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട്
മീഞ്ചന്ത മിനി ബൈപ്പാസില്‍ കല്ലുത്താന്‍ കടവിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഫീസ് ആരംഭിച്ചത്.

തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് പ്രത്യേക വിഭാഗമായി തിരിച്ച് റിസപ്ഷന്‍, കോണ്‍ഫറന്‍സ് ഹാള്‍, കാള്‍ സെന്റര്‍, മീഡിയാ റൂം,വാര്‍ റൂം, തുടങ്ങിയവ ഓഫീസില്‍ സജ്ജീകരിച്ചിട്ടുണ്ട്.
എന്‍ഡിഎ ലോക്‌സഭ മണ്ഡലം ഇൻ ചാർജ്ജ് കെ.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. എം.ടി.രമേശ്, അഡ്വ.വി.കെ.സജീവന്‍, അഡ്വ.പി.മോഹന്‍ദാസ്.ഗിരി പാമ്പനാര്‍, സന്തോഷ് കാളിയത്ത്, അരുണ്‍കുമാര്‍ കാളകണ്ടി, വിജയന്‍ താനാളില്‍, അഡ്വ. വി. ലത തുടങ്ങിയവര്‍ സംസാരിച്ചു.


Reporter
the authorReporter

Leave a Reply