Saturday, November 23, 2024
Politics

‘വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കുത്തി കൊല്ലുമ്പോൾ മനുഷ്യമൃഗങ്ങൾ കെട്ടി തൂക്കി കൊല്ലുന്നു’; കുമ്മനം രാജശേഖരൻ


കോഴിക്കോട്:കാട്ടുമൃഗങ്ങള്‍ മനുഷ്യരെ കുത്തിക്കൊല്ലുമ്പോള്‍ മനുഷ്യമൃഗങ്ങള്‍ കെട്ടി തൂക്കി കൊല്ലുകയാണ്. അക്രമങ്ങളില്‍ പ്രതിസ്ഥാനത്തുള്ള ധര്‍മാവബോധമില്ലാത്ത എസ്എഫ്‌ഐയുടെ കിരാതനടപടിയില്‍ നിന്നും കലാലയത്തെ മോചിപ്പിക്കാന്‍ വിമോചനസമരം വേണം.
ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എസ്എഫ് ഐയുടെ നീരാളി പിടിത്തത്തിലാണെന്ന് ബി.ജെ.പി.മുൻ സംസ്ഥാന പ്രസിഡൻ്റ് കുമ്മനം രാജശേഖരന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളെ എസ്എഫ്‌ഐയില്‍ നിന്നു മോചിപ്പിക്കാന്‍ വിമോചനസമരം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാര്‍ത്ഥിന്റെ വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി എം.ടി രമേശിന്റെ നിരഹാരസത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.

കലാലയങ്ങളില്‍ എസ്എഫ്‌ഐയുടെ കിരാതവാഴ്ച കാരണം മക്കളെ കേരളത്തിലെ വിദ്യാലയങ്ങളില്‍ അയയ്ക്കാന്‍ രക്ഷിതാക്കള്‍ ഭയക്കുന്നു. വിദ്യാര്‍ത്ഥികള്‍ കേരളം വിടാന്‍ പ്രധാനകാരണം അതാണെന്നും ചോരനീരാക്കി വളര്‍ത്തിയ മക്കള്‍ കലാലയങ്ങളില്‍ നിന്നും തിരിച്ചുവരുന്നതും കാത്ത് ഊണും ഉറക്കവുമില്ലാത്തവരായി രക്ഷിതാക്കള്‍ മാറുന്നു. കൊലയാളി പ്രസ്ഥാനമായ എസ്എഫ്‌ഐ പ്രവര്‍ത്തകരെയും കൊലയാളികളാക്കി വളര്‍ത്തുന്നു. വിദ്യാര്‍ത്ഥികള്‍ കേരളം വിടാന്‍ പ്രധാനകാരണം എസ്എഫ്‌ഐ ആണെന്നും സിദ്ധാര്‍ത്ഥ് എസ്എഫ്‌ഐ പിച്ചിച്ചീന്തിയ അവസാനത്തെ യുവാവാകണമെന്നും കുമ്മനം പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷനല്‍കേണ്ട അധ്യാപകര്‍ പാര്‍ട്ടി അടിമകളാണ്. അവരില്‍ നിന്നും സംരക്ഷണം പ്രതീക്ഷിക്കേണ്ട. കണ്ണൂര്‍ തോട്ടട പൊളിടെക്‌നിക്ക് കോളജിലെ അശ്വന്തിന്റെ മരണത്തിലെ ദുരൂഹതനീക്കാന്‍ രക്ഷിതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ജീവച്ഛവമായ ഒരാള്‍ക്ക് തൂങ്ങിമരിക്കാന്‍ ശേഷിയുണ്ടാവില്ല.
അഭിമന്യുവിന്റെയും സിദ്ധാര്‍ത്ഥിന്റെയും കൊലയേക്കാള്‍ ഭയാനകമാണ് മുഖ്യമന്ത്രിയുടെ അര്‍ത്ഥഗര്‍ഭമായമൗനം. സാംസ്‌കാരിക നായകരുടെ മൗനം അപലപനീയമാണ്. കൊലയ്ക്കു പിന്നില്‍ വമ്പന്‍ സ്രാവുകളുണ്ട്. സംഭവത്തില്‍ ഗൂഢാലോചനയുണ്ട്. സിബിഐ അന്വേഷണത്താല്‍ മാത്രമെ ഇതുവെളിച്ചത്തുകൊണ്ടുവരാന്‍ കഴിയൂ. അരമണിക്കൂര്‍ കൊണ്ട് എത്താമെന്നിരിക്കെ, മുഖ്യമന്ത്രിയോ മന്ത്രിമാരൊ സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കളെ സമാശ്വസിപ്പിക്കാന്‍ എത്തിയില്ല. സാധുക്കളായ അവര്‍ വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ ഭാഷ സംസാരിക്കില്ല. സമ്മര്‍ദ്ധത്തിലൂടെ അവരെ കാണാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുകയാണ് പൊതുജനപ്രതിഷേധമെന്നും എംടിയുടെ സത്യാഗ്രഹ സമരം ആ കുടുംബത്തിന് നീതിവാങ്ങിച്ചുകൊടുക്കാനാണെന്നും കുമ്മനം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്‍ അധ്യക്ഷത വഹിച്ചു. എംടി രമേഷ് സംസാരിച്ചു.
.ജില്ല സഹ പ്രഭാരി കെ.നാരായണൻ മാസ്റ്റർ, മേഖല സെക്രട്ടറി എൻ.പി.രാമദാസ്, ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ, സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, ടി.രനീഷ്, അനുരാധ തായാട്ട, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ്, മേഖല ട്രഷറർ ടി.വി.ഉണ്ണികൃഷ്ണൻ, ഒബിസി മോർച്ച ജില്ല പ്രസിഡൻ്റ് ശശിധരൻ നാരങ്ങയിൽ, സന്തോഷ് കാളിയത്ത്, അരുൺകുമാർ കാളക്കണ്ടി, വിജയൻതാ നാളിൽ, ആറ്റക്കോയ തങ്ങൾ, പി.രമണി ഭായ്, ജയസദാനന്ദൻ, അഡ്വ. രമ്യ മുരളി, എന്നിവർ സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply