Saturday, November 23, 2024
GeneralPolitics

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 10 ലക്ഷം രൂപയുടെ കിരീടം മാതാവിന്; സുരേഷ് ഗോപി


കിരീട വിവാദത്തിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപി. തന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നു കിരീടമെന്നും അത് ഓഡിറ്റ് നടത്താൻ മറ്റ് പാർട്ടികൾക്ക് എന്ത് അധികാരമാണുള്ളതെന്നും സുരേഷ് ​ഗോപി ചോദിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമർപ്പിക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. അതിലൊരു വൈരക്കല്ല് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ റോഡ് ഷോയോടെ തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ​ഗോപിയുടെ ഇലക്ഷന്‍ പ്രചാരണത്തിന് തുടക്കം കുറിച്ചു.


തൃശൂരിലെ ലൂര്‍ദ്ദ് പള്ളിയിലെ മാതാവിന് കിരീടം സമര്‍പ്പിച്ചത് തന്‍റെ ആചാരത്തിന്‍റെ ഭാഗമാണെന്നും മാതാവത് സ്വീകരിക്കുമെന്നും ആയിരുന്നു ഇന്നലെ സുരേഷ് ഗോപി പ്രതികരിച്ചത്. താൻ കിരീടം നല്‍കിയത് വിശ്വാസികള്‍ക്ക് പ്രശ്നമില്ലെന്നും ആരാണ് വര്‍ഗീയത പറയുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. വൈകിട്ട് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരെത്തിയിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് സുരേഷ് ​ഗോപി കുടുംബസമേതം എത്തി തൃശൂർ ലൂർദ് പള്ളി മാതാവിന് സ്വർണകിരീടം സമർപ്പിച്ചത്. ഭാര്യ രാധിക, മക്കളായ ഭാ​ഗ്യ, ഭവ്യ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.കഴിഞ്ഞ പെരുന്നാളിന് പള്ളിയിലെത്തിയ സുരേഷ് ​ഗോപി മാതാവിന് സ്വർണകിരീടം സമർപ്പിക്കാമെന്ന് നേർച്ച നേർന്നിരുന്നു. അതിന് ശേഷമാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് സ്വർണകിരീടം സമർപ്പിക്കാൻ എത്തിയത്. ബിജെപി നേതാക്കളും ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.കിരീടം മാതാവിന്റെ ശിരസിലണിയിച്ച് പ്രാർത്ഥിച്ചതിന് ശേഷമാണ് സുരേഷ് ​ഗോപി മടങ്ങിപ്പോയത്.


Reporter
the authorReporter

Leave a Reply