Sunday, November 24, 2024
EducationLatest

അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഉന്നത പഠനത്തിന് അവസരമൊരുക്കി സദ്ഭാവന വേള്‍ഡ് സ്‌കൂള്‍


കോഴിക്കോട്: അമേരിക്കയിലെ സര്‍വകലാശാലകളില്‍ ഉന്നത പഠനമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ കോഴിക്കോട് വെള്ളിപറമ്പിലെ  സദ്ഭാവന വേള്‍ഡ് സ്‌കൂള്‍ അവസരമൊരുക്കുന്നു.രാജ്യത്തെ  പത്ത് മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ ഇടംനേടിയ സദ്ഭാവന സ്‌കൂള്‍ അമേരിക്കയിലെ മിഷിഗണ്‍ കോളേജ് അലയന്‍സുമായി(എം.സി.എ)ചേര്‍ന്ന് ഇതിന്റെ ഭാഗമായുള്ള  കരാറൊപ്പുവെച്ചു. സദ്ഭാവന സ്‌കൂളില്‍ 12ാം ക്ലാസ് പൂര്‍ത്തിയാക്കി അമേരിക്കന്‍ സര്‍വകലാശാലകള്‍ നിശ്ചയിക്കുന്ന നിശ്ചിത  ക്രെഡിറ്റ് പോയിന്റ് നേടുന്നവര്‍ക്ക്  14അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഏതെങ്കിലുമൊന്നില്‍ രണ്ടാം വര്‍ഷ ബിരുദത്തിന് നേരിട്ട് പ്രവേശനം നേടാം. ഇതിലൂടെ അമേരിക്കയില്‍ ഒന്നാം വര്‍ഷ ബിരുദകോഴ്‌സിന് പഠിക്കുന്നതിന്റെ ഭീമമായ   സാമ്പത്തിക ചിലവ് പൂര്‍ണമായി ലാഭിക്കാമെന്ന് മാത്രമല്ല അമേരിക്കയില്‍ ഉന്നത പഠനത്തിന് പ്രവേശനം നേടുന്നതിന്റെ  ഒരു കടമ്പകടകളും നേരിടേണ്ടിവരില്ല. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസിനു ശേഷം അമേരിക്കയില്‍ നേരിട്ട് ഉന്നത പഠനത്തിന് അവസരമൊരുക്കുന്നത്. പത്തു വര്‍ഷം തുടര്‍ച്ചയായി രാജ്യത്തെ  മികച്ച 10 സ്‌കൂളുകളില്‍ ഒന്ന് എന്ന പദവി നിലനിര്‍ത്തുന്ന സദ്ഭാവനയുടെ അക്കാദമിക രംഗത്തെ വലിയൊരു നാഴികക്കല്ലുകൂടെയാണിത്.
കരാര്‍ ഒപ്പിട്ടതോടെ 14സര്‍വകലാശാലകളുമായാണ് സദ്ഭാവന സ്‌കൂള്‍  അക്കാദമിക പങ്കാളിയാവുന്നത്. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വലിയ അവസരമാണിത്.  ഭീമമായ പഠനചെലവും അതിസങ്കീര്‍ണമായ കടമ്പകളെല്ലാമാണ് അമേരിക്കയില്‍ ഉന്നത പഠനത്തിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന വലിയ വെല്ലുവിളി. ഈ കടമ്പകള്‍ പലപ്പോഴും വിദേശ പഠന സ്വപ്‌നങ്ങള്‍ക്ക് തടസ്സമാവാറുണ്ട്. അമേരിക്കയില്‍ ഒന്നാം വര്‍ഷം പഠിക്കുന്നതിന് തുല്യമായി ഇവിടെ  പഠനം പൂര്‍ത്തിയാക്കുമ്പോള്‍ വന്‍ തോതില്‍ ചെലവ് കുറയുന്നു എന്നത് വലിയ അനുഗ്രമാണ്. മാത്രമല്ല വിദേശത്ത് ഉന്നത  പഠനം ഉറപ്പുനല്‍കിയുള്ള പലതരം വ്യാജമായ വാഗ്ദാനങ്ങളുടെ കെണികളില്‍  വിദ്യാര്‍ഥികള്‍ അകപ്പെടുന്നത് ഒഴിവാകും. ഒന്‍പതാം ക്ലാസ് മുതല്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് ഇതില്‍ പ്രവേശനം നേടാം. അടുത്ത വര്‍ഷം (2024)മുതല്‍ സദ്ഭാവന സ്‌കൂളില്‍ ഇത് പ്രകാരമുള്ള അഡ്മിഷന്‍ ആരംഭിക്കും. അമേരിക്കയിലെ അഡ്രിയന്‍  കോളേജ്,ആല്‍ബിയന്‍ കോളേജ്,അല്‍മ കോളേജ്,ആന്‍ഡ്ര്യൂസ് സര്‍വകലാശാല,അക്വിനാസ് കോളേജ്,കാല്‍വിന്‍ സര്‍വകലാശാല,ഡെട്രിയറ്റ് മെഴ്‌സി,ഹില്‍സ് ഡെയില്‍ കോളേജ്,ഹോപ് കോളേജ്,മഡോണ സര്‍വകലാശാല,ഒലിവറ്റ് കോളേജ്, കലമാസൂ കോളേജ്, സിയന്ന ഹൈറ്റ്‌സ് സര്‍വകലാശാല,സ്പ്രിങ് ആര്‍ബര്‍ സര്‍വകലാശാല  എന്നിവിടങ്ങളിലാണ് ഉന്നത പഠനം നടത്താന്‍ കഴിയുക.

Reporter
the authorReporter

Leave a Reply