ആരതി ജിമേഷ്
ഫറോക്ക്: കടലുണ്ടി – വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിലെ കണ്ടൽക്കാടുകൾക്ക് ഇനി ഉത്സവക്കാലം. ഒക്ടോബർ മുതൽ മാർച്ചുവരെയുള്ള മാസങ്ങളിലാണ് ലോകത്തിലെ അത്യപൂർവ്വയിനം ദേശാടനപ്പക്ഷികൾ കടലുണ്ടിയിലെത്തുന്നത്.
കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിർത്തിയിലാണ് ജൈവ വൈവിധ്യത്തിൻ്റെ കലവറയായ ഈ പ്രദേശം. കടലുണ്ടിപ്പുഴ കടലിലേക്കു ചേരുന്നതിവിടെയാണ്. പുഴയിൽ പച്ച വിരിച്ചു നിൽക്കുന്ന വിവിധയിനം കണ്ടൽക്കാടുകൾ ഈ പ്രദേശത്തിൻ്റെ
വിസ്മയക്കാഴ്ചയാണ്. 8 ഇനം കണ്ടലുകളുകൾ ഇവിടെ കാണപ്പെടുന്നു.
24 തരം ദേശാടനപ്പക്ഷികളാണ് സീസണിൽ കടലുണ്ടിയിലെത്തുന്നത്. കേരളത്തിലെ ആദ്യത്തെ കമ്യൂണിറ്റി റിസർവാണിത്. 2007 ൽ വനം വകുപ്പു മന്ത്രിയായിരുന്ന ബിനോയി വിശ്വമാണ് കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിൻ്റെ രൂപീകരണ പ്രഖ്യാപനം നടത്തിയത്.
ഈ ജൈവവൈവിധ്യ സങ്കേതത്തിനു സംരക്ഷണമൊരുക്കുന്നത്
കമ്യൂണിറ്റി റിസർവ് മാനേജുമെൻറ് കമ്മിറ്റിയാണ്.
സന്ദർശകർക്കും സഞ്ചാരികൾക്കും ഗവേഷകർക്കും സൗകര്യമൊരുക്കാൻ കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കുന്നു.
കണ്ടൽക്കാടുകളും പക്ഷിസങ്കേതവും അടുത്തു കാണുവാനും പ്രകൃതിഭംഗി ആസ്വദിക്കുവാനും ഇവിടെ ബോട്ട് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. തുഴഞ്ഞു പോകുന്ന ബോട്ടിൽ 6 പേർക്ക് കയറാം. ഒരു മണിക്കൂറിന് 800 രൂപയും രണ്ടു മണിക്കൂറിന് 1500 രൂപയുമാണ് ചാർജ്.സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസ് നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വേലിയേറ്റ സമയത്തെ ബോട്ടുയാത്ര അവിസ്മരണീയമായ ഒരനുഭവമാണ്.
വനം വകുപ്പിൻ്റെ കീഴിലാണ് കമ്യൂണിറ്റി റിസർവ് പ്രവർത്തിക്കുന്നത്. രാവിലെ 8 മുതൽ 5 വരെയാണ് ഓഫീസിൻ്റെ പ്രവർത്തനം.2 ഫോറസ്റ്റർമാർ, ഒരു ക്ലാർക്ക്, 4 വാച്ചർമാർ എന്നിവരാണ് ഓഫീസിലുള്ളത്. ശുചിമുറി, വിശ്രമസ്ഥലം, വാഹനം പാർക്കു ചെയ്യുവാനുള്ള സ്ഥലം ഇവയെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കടലുണ്ടി ലവൽ ക്രോസിൽ നിന്ന് റയിൽവേ സ്റ്റേഷൻ റോഡിൽ അര കിലോമീറ്റർ സഞ്ചരിച്ചാൽ കമ്യൂണിറ്റി റിസർവിൻ്റെ ഓഫീസിൽ എത്താം.
ഫോൺ നമ്പർ 04952471 250