Friday, May 17, 2024
Local NewsTourism

വിരുന്നിനെത്തുന്ന ദേശാടനപ്പക്ഷികളെ സ്വീകരിക്കാൻ കടലുണ്ടി  കാത്തിരിക്കുന്നു


ആരതി ജിമേഷ്

ഫറോക്ക്: കടലുണ്ടി – വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിലെ കണ്ടൽക്കാടുകൾക്ക് ഇനി ഉത്സവക്കാലം. ഒക്ടോബർ മുതൽ മാർച്ചുവരെയുള്ള മാസങ്ങളിലാണ് ലോകത്തിലെ അത്യപൂർവ്വയിനം ദേശാടനപ്പക്ഷികൾ കടലുണ്ടിയിലെത്തുന്നത്.

കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിർത്തിയിലാണ് ജൈവ വൈവിധ്യത്തിൻ്റെ കലവറയായ  ഈ പ്രദേശം. കടലുണ്ടിപ്പുഴ കടലിലേക്കു ചേരുന്നതിവിടെയാണ്. പുഴയിൽ പച്ച വിരിച്ചു നിൽക്കുന്ന വിവിധയിനം കണ്ടൽക്കാടുകൾ  ഈ പ്രദേശത്തിൻ്റെ
വിസ്മയക്കാഴ്ചയാണ്. 8 ഇനം കണ്ടലുകളുകൾ ഇവിടെ കാണപ്പെടുന്നു.

24 തരം ദേശാടനപ്പക്ഷികളാണ് സീസണിൽ കടലുണ്ടിയിലെത്തുന്നത്.  കേരളത്തിലെ ആദ്യത്തെ കമ്യൂണിറ്റി റിസർവാണിത്. 2007 ൽ വനം വകുപ്പു മന്ത്രിയായിരുന്ന ബിനോയി വിശ്വമാണ് കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിൻ്റെ രൂപീകരണ പ്രഖ്യാപനം നടത്തിയത്.
ഈ ജൈവവൈവിധ്യ സങ്കേതത്തിനു സംരക്ഷണമൊരുക്കുന്നത്
കമ്യൂണിറ്റി റിസർവ് മാനേജുമെൻറ് കമ്മിറ്റിയാണ്.
സന്ദർശകർക്കും സഞ്ചാരികൾക്കും  ഗവേഷകർക്കും  സൗകര്യമൊരുക്കാൻ  കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കുന്നു.

കണ്ടൽക്കാടുകളും പക്ഷിസങ്കേതവും  അടുത്തു കാണുവാനും പ്രകൃതിഭംഗി ആസ്വദിക്കുവാനും ഇവിടെ   ബോട്ട് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്.  തുഴഞ്ഞു പോകുന്ന ബോട്ടിൽ 6 പേർക്ക് കയറാം. ഒരു മണിക്കൂറിന് 800 രൂപയും രണ്ടു മണിക്കൂറിന് 1500 രൂപയുമാണ് ചാർജ്.സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസ് നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.  വേലിയേറ്റ സമയത്തെ ബോട്ടുയാത്ര അവിസ്മരണീയമായ ഒരനുഭവമാണ്.

വനം വകുപ്പിൻ്റെ കീഴിലാണ് കമ്യൂണിറ്റി റിസർവ് പ്രവർത്തിക്കുന്നത്. രാവിലെ 8 മുതൽ 5 വരെയാണ്  ഓഫീസിൻ്റെ പ്രവർത്തനം.2 ഫോറസ്റ്റർമാർ, ഒരു ക്ലാർക്ക്, 4 വാച്ചർമാർ എന്നിവരാണ് ഓഫീസിലുള്ളത്. ശുചിമുറി, വിശ്രമസ്ഥലം, വാഹനം പാർക്കു ചെയ്യുവാനുള്ള സ്ഥലം ഇവയെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കടലുണ്ടി ലവൽ ക്രോസിൽ നിന്ന് റയിൽവേ സ്റ്റേഷൻ റോഡിൽ അര കിലോമീറ്റർ സഞ്ചരിച്ചാൽ  കമ്യൂണിറ്റി റിസർവിൻ്റെ ഓഫീസിൽ എത്താം.

ഫോൺ നമ്പർ 04952471 250


Reporter
the authorReporter

Leave a Reply