കോഴിക്കോട്:ഞെളിയന്‍ പറമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ ബിജെപി കൗണ്‍സിലര്‍മാരെയും മാധ്യമപ്രവര്‍ത്തകരെയും അധികൃതര്‍ പൂട്ടിയിട്ടു.
മാലിന്യസംസ്‌കരണ കേന്ദ്രത്തിനകത്ത് പ്രവേശിച്ച ബിജെപി കൗണ്‍സിലര്‍മാരായ ടി. രനീഷ്, നവ്യ ഹരിദാസ്, സരിതാ പറയേരി, സി.എസ്. സത്യഭാമ, എന്‍. ശിവപ്രസാദ്, രമ്യാ സന്തോഷ്, ബിജെപി ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത്, വൈസ് പ്രസിഡന്റ് സി. സാബുലാല്‍, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ഷൈമ പൊന്നത്ത് എന്നിവരെയും മാധ്യമ പ്രവര്‍ത്തകരും അടങ്ങിയ സംഘത്തെയാണ് സുരക്ഷാ ജീവനക്കാര്‍ ഗെയ്റ്റ് പുറത്തു നിന്ന് പൂട്ടിയിട്ടത്.
പൂട്ടാന്‍ നിര്‍ദേശം ലഭിച്ചതിനെതുടര്‍ന്നാണ് പൂട്ടിയതെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. തുടര്‍ന്ന് നല്ലളം പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് അധികൃതര്‍ ഗേറ്റ് തുറന്നു നല്‍കിയത്.
ഞെളിയന്‍ പറമ്പ് വളരെ മോശം അവസ്ഥയിലാണെന്നും ഇത് പുറത്ത് വരാതിരിക്കാനാണ് സന്ദര്‍ശിക്കാന്‍ അകത്ത്കയറിയവരെ പുറത്തേക്ക് കടത്തിവിടാതെ പൂട്ടിയിട്ടതെന്നും ബിജെപി കൗണ്‍സിലര്‍ ടി. രെനീഷ് പറഞ്ഞു. ഈ പ്രദേശം ബ്രന്മപുരത്തെക്കാള്‍ അപകടകരമായ അവസ്ഥയിലാണ്. തൊട്ടടുത്ത് ഡിസല്‍ പ്ലാൻ്റും, പെട്രോള്‍ പമ്പുകളും ഉണ്ട്. ഒരു അപകടമുണ്ടായാല്‍ കോഴിക്കോട് ജില്ല തന്നെ ഇല്ലാതാകും. ഈ വിഷയം കൗണ്‍സിലിനകത്തും പുറത്തും കൊണ്ടുവരും. വിഷയം പുറത്ത് അറിയുമെന്ന് കോര്‍പ്പറേഷനും ഭയക്കുന്നുണ്ട്. ഇടതു നേതാവ് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിക്ക് നല്‍കിയ കരാര്‍ പിന്‍വലിക്കണമെന്നും ഇതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് ബിജെപി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ബ്രഹ്മപുരത്തെ വിവാദ കമ്പിനിയായ സോണ്ട ഇന്‍ഫ്രാടെക്കിന് തന്നെയാണ് ഞെളിയന്‍ പറമ്പിലും മാലിന്യ സാംസ്‌കരണത്തിനു കോര്‍പ്പറേഷന്‍ കരാര്‍ നല്‍കിയിട്ടുള്ളത്. ഞെളിയന്‍ പറമ്പിലും കഴിഞ്ഞ ആഴ്ച തീപിടുത്തം ഉണ്ടായിരുന്നു. കരാര്‍ നല്‍കിയതിലടക്കം ദുരൂഹതയുണ്ടെന്നു ആരോപിച്ചാണ് ബിജെപി കൗണ്‍സിലര്‍മാരുടെ സംഘം ഞെളിയന്‍ പറമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രേം സന്ദർശിക്കാനെത്തിയത്.
പ്രതിഷേധ സമരം
ബ്രന്മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ ഞെളിയന്‍ പറമ്പിലെ മാലിന്യങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്നാവിശ്യപ്പെട്ട് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തും. മേഡേണ്‍ പരിസരത്തു നിന്നാരംഭിക്കുന്ന മാര്‍ച്ച് ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ. വി.കെ. സജീവന്‍ ഉദ്ഘാടനം ചെയ്യും.
കൗണ്‍സിലര്‍മാരെ പൂട്ടിയിട്ടതില്‍ പ്രതിഷേധം
ഞെളിയന്‍ പറമ്പില്‍ ബ്രഹ്മപുരം ആവര്‍ത്തിക്കുമോ ഏന്ന ജനങ്ങളുടെ ആശങ്ക നേരിട്ടു മനസ്സിലാക്കാന്‍ കോര്‍പറേഷന്‍റെ അനുമതി നേടി സന്ദര്‍ശനത്തിനെത്തിയ ബിജെപി കൗണ്‍സിലര്‍മാരെ പൂട്ടിയിട്ട സംഭവത്തില്‍ ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ. വി.കെ.സജീവന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.നിയമവിരുദ്ധമായ എന്തൊക്കെയോ മറച്ചു വെക്കാനുളള വെപ്രാളമാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും സജീവന്‍ പറഞ്ഞു.