ബേപ്പൂർ: മാന്ത്രികൻ പ്രദീപ് ഹുഡിനോ തന്റെ മാജിക് പരിപാടികളുടെ 40-ാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ ഗുരുവന്ദനം വ്യത്യസ്തമായ അനുഭവമായി. മലയാളത്തിന്റെ ഇതിഹാസമായ ബഷീറിനും മഹാമാന്ത്രികനായ വാഴകുന്നത്തിനും
ആദരാർപ്പണമായാണ് ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചത് .
ഒരു പകൽ നീണ്ട പരിപാടിയിൽ
വെള്ളിപറമ്പ് വീ സ്മൈൽ സ്പെഷൽ സ്കൂളിലെ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും പൊതുപ്രവർത്തകരും പങ്കെടുത്തു.
രാവിലെ ബേപ്പൂർ പുലിമുട്ടിൽ സംഗമിച്ച ടീം 11മണിയ്ക്ക് ബേപ്പൂർ മറീനയിൽ നിന്ന് ചാലിയാറിലൂടെ കടലുണ്ടിയിലെ തുരുത്തുകൾ താണ്ടി ഫറോക്ക് പഴയ പാലം വഴി നടത്തിയ ബോട്ടുയാത്ര വിദ്യാർത്ഥികൾക്ക് വിസ്മയാനുഭവമായി.
യാത്രയിലുടനീളം കാഴ്ചകളും മാന്ത്രികൻ പ്രദീപ് ഹുഡിനൊ നടത്തിയ ജാലവിദ്യയുമെല്ലാം സ്പെഷൽ സ്കൂൾ വിദ്യാർത്ഥികളെ അക്ഷരാർത്ഥത്തിൽ ആവേശഭരിതരാക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു.
ഉച്ചയ്ക്കു ശേഷം നടുവട്ടം തസര വീവിംഗ് സെന്ററും വൈലാലിൽ ഭവനവും സംഘം സന്ദർശിച്ചു. വൈലാലിൽ വീട്ടിലെ മങ്കോസ്റ്റിൻ മരച്ചുവട്ടിൽ ഒത്തുകൂടി അവർ ബഷീറിന് ആദരാഞ്ജലി അർപ്പിച്ചു. നടുവട്ടം തസരാ നെയ്ത്തു കേന്ദ്രത്തിൽ വിദേശികളായ സഞ്ചാരികൾ കുട്ടികളുമായി സല്ലപിച്ചു. ലയൺസ് ക്ലബ്ബ് ഓഫ് കോഴിക്കോട് നന്മയും ഗവ. ആർട്സ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പത്രപ്രവർത്തകൻ
എം.എ ബഷീർ , എംകെ പ്രമോദ്, മനോഹർലാൽ, ബാബു അപ്പാട്ട്
ലയൺസ് ഡിസ്ട്രിക്റ്റ് പി. ആർ. ഒ സുനിത ജ്യോതി പ്രകാശ്, സൈനബടീച്ചർ (വീ സ്മൈൽ ) തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.