Politics

മൂന്നാം ഘട്ട തെരെഞ്ഞെടുപ്പിൽ 65.68 ശതമാനം പോളിങ്; കണക്കുകള്‍ പുറത്ത് വിട്ട് തെരെഞ്ഞെടുപ്പ് കമ്മീഷന്‍

Nano News

ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ പോളിങ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. തെരെഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ 65.68 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.
93 മണ്ഡലങ്ങളിലേക്കായിരുന്നു മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത് അസമിലാണ്. 85.25 ശതമാനമാണ് പോളിങ്.

മറ്റ് സംസ്ഥാനങ്ങളില്‍, ബിഹാര്‍ (5 സീറ്റുകള്‍) 59.14 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി, ഗോവ (2 സീറ്റുകള്‍) 76.06 ശതമാനം, ഛത്തീസ്ഗഢ് (7 സീറ്റുകള്‍) 71.98 ശതമാനം, കര്‍ണാടക (14 സീറ്റുകള്‍) 71.84 ശതമാനം, ദാദ്ര നഗര്‍ ഹവേലി & ദാമന്‍ ദിയു (2 സീറ്റുകള്‍) 71.31 ശതമാനം, മധ്യപ്രദേശ് (9 സീറ്റുകള്‍) 66.74 ശതമാനം, ഗുജറാത്ത് (25 സീറ്റുകള്‍) 60.13 ശതമാനം എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍.

ലോക്സഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. ഒന്‍പത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 96 ലോക്‌സഭാ മണ്ഡലങ്ങളില്‍ തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും. നാലാം ഘട്ടത്തില്‍ 96 മണ്ഡലങ്ങളിലായി 1717 സ്ഥാനാര്‍ഥികളാണ് മത്സരംഗത്ത് ഉള്ളത്. ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്.

കൂടാതെ ഉത്തര്‍പ്രദേശില്‍ 13 ഉം മഹാരാഷ്ട്രയില്‍ പതിനൊന്നും മധ്യപ്രദേശ് പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ എട്ടു മണ്ഡലങ്ങള്‍ വീതവും ബീഹാറില്‍ അഞ്ചും ജാര്‍ഖണ്ഡ് ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ നാലു മണ്ഡലങ്ങളിലും ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. ആന്ധ്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പും ഇതിനൊപ്പമാണ്.


Reporter
the authorReporter

Leave a Reply