ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപില്‍ ഇപ്പോള്‍ എവിടെ നോക്കിയാലും ചുവപ്പന്‍ ഞണ്ടുകളാണ് . മനുഷ്യരേക്കാള്‍ കൂടുതല്‍ ഞണ്ടുകള്‍. അതിനൊരു കാരണമുണ്ട്. ഇത് ഞണ്ടുകളുടെ കുടിയേറ്റ കാലമാണ്. ദശലക്ഷക്കണക്കിന് ചുവന്ന ഞണ്ടുകളാണ് റോഡുകളിലൂടെയും പാലങ്ങളിലൂടെയും സഞ്ചരിച്ച് പ്രജനനത്തിനായി സമുദ്രത്തിലേക്ക് നീങ്ങുന്നത്. ഭൂമിയിലെ ഏറ്റവും വലിയ ജന്തു കുടിയേറ്റങ്ങളിലൊന്നാണ് ഇത്. ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയെ ഇതിന്റെ അവിശ്വസനീയമായ ദൃശ്യങ്ങളാണ്.
എല്ലാ വര്‍ഷവും, ഒക്ടോബറിലോ നവംബറിലോ പെയ്യുന്ന മഴയ്ക്ക് ശേഷമാണ് ഞണ്ടുകള്‍ വനത്തില്‍ നിന്ന് സമുദ്രത്തിലേക്ക് മുട്ടയിടാനായി പുറപ്പെടുന്നത്. ഏകദേശം 5 കോടിയോളം ഞണ്ടുകള്‍ ഈവിധം യാത്ര പുറപ്പെടുന്നു. റോഡുകളും പാര്‍ക്കുകളും ഞണ്ടുകള്‍ കൈയ്യടക്കുന്നതിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ച കാണാന്‍ അവിടത്തുകാര്‍ മാത്രമല്ല, ദൂരെ നിന്നുപോലും സഞ്ചാരികള്‍ എത്തുന്നു. ഞണ്ടുകളുടെ ദേശാടന സമയത്ത് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലൂടെയും അവ സഞ്ചരിക്കുന്നു. ചിലപ്പോള്‍ കെട്ടിടത്തിന്റെ കതകിലും, വീടിന്റെ വരാന്തയിലും അവയെ കാണാം. അതുകൊണ്ട് തന്നെ അപകടങ്ങള്‍ ഒഴിവാക്കാന്‍ കുടിയേറ്റത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ അധികൃതര്‍ തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നു.
ഞണ്ടുകളുടെ തോടിന് കട്ടി കൂടുതലാണ്, വണ്ടിയുടെ ടയറുകള്‍ പഞ്ചറാകാന്‍ അത് മതി. തന്മൂലം, ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഞണ്ടുകള്‍ക്ക് സുരക്ഷിതമായി കടന്നുപോകാന്‍ പാലങ്ങളും തുരങ്കങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ആ സമയത്ത് കാറുകള്‍ റോഡിലിറക്കാന്‍ അനുവാദമില്ല, പകരം റോഡുകള്‍ അടച്ചിടും. ആളുകള്‍ കൂടുതലും വീടുകളില്‍ തന്നെ തങ്ങാറാണ് പതിവ്. അതേസമയം, ദ്വീപില്‍ കാണുന്ന ഈ ചുവപ്പന്‍ ഞണ്ടുകള്‍ സാധാരണയായി ഇലകളും, പഴങ്ങളും, പൂക്കളും ഭക്ഷിക്കുന്നു. ചിലപ്പോള്‍ സ്വന്തം കുഞ്ഞുങ്ങളെയും അവ തിന്നും.
കുടിയേറ്റ സമയത്ത്, ആണ്‍ ഞണ്ടുകളാണ് ആദ്യം സമുദ്രതീരത്ത് എത്തുന്നത്. അവര്‍ക്ക് പിന്നാലെ പെണ്‍ ഞണ്ടുകളും എത്തും. ഞണ്ടുകള്‍ക്ക് തങ്ങളുടെ മാളങ്ങള്‍ എപ്പോള്‍ ഉപേക്ഷിച്ച് പോവണമെന്ന് കൃത്യമായി അറിയാം. മഴയെയും, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെയും ആശ്രയിച്ചായിരിക്കും അത്. ഇപ്രാവശ്യം ഈ മാസം അവസാനത്തോടെ അവ സമുദ്ര തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണമറ്റ ഞണ്ടുകളുള്ള ഈ ദ്വീപിന് ഞണ്ടുകളുടെ ദ്വീപ് എന്നും പേരുണ്ട്.