General

പ്രതീക്ഷ കൈവിടാതെ; അർജ്ജുനായുള്ള തെരച്ചിലിന് ഇന്ന് സൈന്യവും


കോഴിക്കോട്: അര്‍ജുനെ കണാതായിട്ട് ആറാം ദിനമായ ഇന്നും തിരിച്ചില്‍ തുടരുകയാണ്. അത്യാധുനിക റഡാര്‍ ഉപയോഗിച്ചുളള പരിശോധനയാണ് നടക്കുന്നത്. അതേ സമയം ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ഷിരൂരിൽ മഴപെയ്യുന്നത് ആശങ്ക ഉയർത്തുന്നു. മംഗളുരുവിരില്‍ നിന്ന് റഡാര്‍ എത്തിച്ചാണ് മണ്ണിടിഞ്ഞ സ്ഥലത്ത് പരിശോധന നടത്തുന്നത്. സൂറത്കല്‍ എന്‍ഐടിയില്‍ നിന്നുള്ള സംഘമാണ് റഡാര്‍ പരിശോധന നടത്തുന്നത്. നേരത്തെ റഡാറില്‍ മൂന്ന് സിഗ്‌നലുകള്‍ ലഭിച്ചിരുന്നു. നിലവില്‍ റോഡിന്റെ നടുഭാഗത്ത് നിന്ന് ലഭിച്ച സിഗ്‌നല്‍ പ്രകാരമാണ് തെരച്ചില്‍ തുടരുന്നത്. പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്‌നല്‍ ആണ് കിട്ടിയിരിക്കുന്നതെന്നാണ് വിവരം. സിഗ്‌നല്‍ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ല. കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്. എഴുപത് ശതമാനം യന്ത്രഭാഗങ്ങള്‍ തന്നെ ആയിരിക്കാം എന്നാണ് റഡാര്‍ സംഘം വ്യക്തമാക്കുന്നത്.

സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് കൂടുതല്‍ മണ്ണ് എടുത്ത് പരിശോധന നടത്തിവരികയാണ്. സിഗ്‌നല്‍ ലഭിച്ച ഈ സ്ഥലം മാര്‍ക്ക് ചെയ്ത് മണ്ണെടുത്ത് മാറ്റുകയാണ്. ഇതിനിടെ ലോറിയുടെ ലൊക്കേഷന്‍ റഡാര്‍ പരിശോധനയില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് പിന്നീട് ഐ.ഐ.ടി സംഘം നിഷേധിച്ചു. സിഗ്‌നല്‍ ലോറിയുടേതായിരുന്നില്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എന്‍.ഐ.ടി സംഘം വ്യക്തമാക്കി. പ്രദേശത്ത് മഴവെള്ളം കുത്തിയൊലിച്ച് ചെളി നിറഞ്ഞിരിക്കുന്നതിനാല്‍ സിഗ്‌നല്‍ കിട്ടാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വന്‍മരങ്ങളും പാറക്കല്ലുകളും മണ്ണിനൊപ്പമുള്ളതിനാലാണ് പ്രയാസം നേരിടുന്നത്. ഷിരൂരിലെ മണ്ണിടിച്ചിലില്‍ കൂടുതല്‍പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. നാമക്കല്‍ സ്വദേശിയായ ലോറി ഡ്രൈവര്‍ ശരവണന്‍ മണ്ണിനടിയില്‍ കുടുങ്ങിയെന്ന് സൂചന. അപകടസ്ഥലത്ത് നിന്നും ശരവണന്റെ ലോറി കണ്ടെത്തി. ഇതിനിടെ കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി സംഭവ സ്ഥലമായ ഷിരൂര്‍ സന്ദര്‍ശിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം മികച്ച രീതിയിലാണ് നടക്കുന്നതെന്ന് കുമാരസ്വാമി പ്രതികരിച്ചു. സൈന്യം ഇറങ്ങേണ്ട സാഹചര്യമില്ലെന്നും എന്‍.ഡി.ആര്‍.എഫ് സംഘം അവരുടെ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും കുമാരസ്വാമി വ്യക്തമാക്കി. എട്ട് മണ്ണുമാന്തി യന്ത്രങ്ങള്‍ ഒരേസമയം പ്രവര്‍ത്തിക്കുന്നുണ്ട്. മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാവുന്നുണ്ട്. എഴുപതിലധികം പേര്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.

രക്ഷാപ്രവര്‍ത്തനത്തില്‍ മന്ദഗതി

അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം അതീവ മന്ദഗതിയിലാണെന്ന് ലോറി ഉടമയായ മനാഫ് പറഞ്ഞു. പുലര്‍ച്ചെ ആറ് മണിക്ക് തിരച്ചില്‍ തുടങ്ങിയെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ പറയുന്നത് തെറ്റാണ്. പ്രദേശത്തേയ്ക്ക് ഉന്നത ഉദ്യോ?ഗസ്ഥര്‍ ആരും എത്തിയിട്ടില്ല. ഇന്നലെ വൈകുന്നേരം ഉണ്ടായിരുന്ന തിരച്ചിലിന്റെ വേഗതപോലും ഇപ്പോഴില്ലെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. കൂടുതല്‍ സംവിധാനങ്ങള്‍ കൊണ്ടുവന്ന് പ്രൊഫെഷണലായി രക്ഷാപ്രവര്‍ത്തനം നടത്തണണമെന്നും മനാഫ് ചൂണ്ടിക്കാട്ടി.
അതേസമയം മനാഫിനെ പൊലിസ് മര്‍ദിച്ചുവെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ എത്തിച്ചപ്പോള്‍ യാതൊരു പ്രകോപനവറും ഇല്ലാതെയാണ് മര്‍ദിച്ചതെന്ന് മനാഫ് പറഞ്ഞു. കേരളത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിന് ആളുകള്‍ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിനായി നിരവധി ഉദ്യോ?ഗസ്ഥന്‍മാരെ ബന്ധപ്പെട്ടിരുന്നു. രഞ്ജിത്തുമായി വന്നപ്പോള്‍ തന്നെ എന്‍ട്രന്‍സില്‍ തടഞ്ഞുവെന്ന് മനാഫ് പറഞ്ഞു. നിരവധിയിടങ്ങളില്‍ ഉദ്യോ?ഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. പലയിടത്തു നിന്നും മര്‍ദനം ഏറ്റുവാങ്ങേണ്ടി വന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മനാഫിന് പുറമെ അര്‍ജുന്റെ ബന്ധുക്കള്‍ ഷിരൂരില്‍ തന്നെയാണുള്ളത്.

ലോറി എവിടെയാണെന്ന് വ്യക്തതയില്ല; സാധ്യതയുള്ള പ്രദേശം തിരിച്ചറിഞ്ഞു

കാര്‍വാര്‍: അപകടത്തില്‍പെട്ട ആദ്യഘട്ട ലോറി എവിടെയാണെന്ന് വ്യക്തമായിട്ടില്ലെന്ന് എന്‍.ഐ.ടി സംഘം. ജി.പി.എസ് സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ രണ്ടാംഘട്ട റഡാര്‍ പരിശോധനയില്‍ ട്രക്ക് ഉണ്ടെന്നുകരുതുന്ന പ്രദേശം കണ്ടെത്തിയിട്ടുണ്ട്. മണ്ണിനടിയില്‍ ലോറി ഉണ്ടാവാന്‍ അറുപത് ശതമാനം സാധ്യതയെന്നാണ് അധികൃതര്‍ പറയുന്നത്. ഇവിടെ മണ്ണുനീക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ശക്തമായ മഴയെ തുടര്‍ന്ന് രാത്രി രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു.
ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ ഉപയോഗിച്ചാണ് പരിശോധന തുടരുന്നതെന്നും എന്‍.ഐ.ടി വിദഗ്ധന്‍ നീല്‍ വ്യക്തമാക്കി. ഒരു വാഹനത്തിന്റെ ആകൃതിയില്‍ സിഗ്‌നല്‍ ലഭിക്കുന്നുണ്ടോ എന്നാണ് പരിശോധിച്ചത്. എന്നാല്‍ ആ രൂപത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. കൂടുതല്‍ പരിശോധനയില്‍ വ്യക്തമായേക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോറി ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലായിടത്തും പരിശോധന നടത്തുകയാണ്.

അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നുപേരെ കണ്ടെത്താനുണ്ടെന്ന് ജില്ലാ കലക്ടര്‍

കാര്‍വാര്‍: കുന്നിടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ മലയാളി അര്‍ജുന്‍ അടക്കം മൂന്നുപേരെ കണ്ടെത്താനുണ്ടെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടര്‍ ലക്ഷ്മിപ്രിയ. പത്തുപേരെ കാണാതായിരുന്നു. ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മൂന്നുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
ഇന്നലെ രാവിലെ ആറ് മണിക്ക് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്‍.ഡി.ആര്‍.എഫ് സംഘം, നാവികസേന, അഗ്‌നിരക്ഷാസേന, പൊലിസ് സേനകളാണ് തിരച്ചിലുള്ളത്.
അര്‍ജുന് പുറമെ നായിക് എന്ന സ്ത്രീ, ഡ്രൈവറോ ക്ലീനറോ ആയ മറ്റൊരാള്‍ എന്നിവരെയാണ് കണ്ടെത്താനുള്ളതെന്ന് എസ്.പി നാരായണയും പറഞ്ഞു. അപകടസാധ്യതയുള്ള സ്ഥലമായതിനാലാണ് മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ കടത്തിവിടാത്തതെന്നും കൃത്യമായി വിവരങ്ങള്‍ കൈമാറുമെന്നും കലക്ടറും എസ്.പിയും വ്യക്തമാക്കി.


Reporter
the authorReporter

Leave a Reply