Thursday, January 23, 2025
CinemaLatest

‘ഈ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ കേസ് കൊടുക്കണം’: ബെന്യാമിൻ


പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച് എത്തിയ ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. പ്രീ റിലീസ് ഹൈപ്പിനേക്കാള്‍ മൗത്ത് പബ്ലിസിറ്റിയും നേടിയ സിനിമ കൂടിയാണ് ഇത്. സിനിമയുടെ ഭാഗമായി ചലഞ്ചുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ, സിനിമ കണ്ട് അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് എഴുത്തുകാരൻ ബെന്യാമിൻ. ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണം എന്നാണ് അദ്ദേഹം ചിരിയോടെ പറയുന്നത്.

‘ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് എതിരെ കേസ് കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്. ചിരിച്ചു ചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ടപരിഹാരം തരും? എന്തായാലും തീയേറ്റർ ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ബേസിലിന്റെ രാജേഷ് സൂപ്പർ. ദർശനയുടെ ജയ ഡൂപ്പർ. പക്ഷെ രാജേഷിന്റെ അമ്മയാണ് സൂപ്പർ ഡൂപ്പർ. സംവിധായകൻ വിപിൻ ദാസിനും സംഘത്തിനും അഭിനന്ദനങ്ങൾ’, ബെന്യാമിൻ ഫേസ്‌ബുക്കിൽ കുറിച്ചു.

മുത്തുഗൌ, അന്താക്ഷരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് വിപിന്‍. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.


Reporter
the authorReporter

Leave a Reply