Saturday, November 23, 2024
flood india keralaLatest

യമുനയിൽ ജലനിരപ്പ് ഉയരുന്നു; വെള്ളപ്പൊക്കത്തിന് സാധ്യത, ഡൽഹിയിൽ ജാഗ്രത


ഡൽഹി ;ഉത്തരേന്ത്യയിലുടനീളമുള്ള കനത്ത മഴ കൂടുതൽ പ്രദേശങ്ങളെ വെള്ളപ്പൊക്കത്തിലേക്കും നാശനഷ്ടത്തിലേക്കും തള്ളി വിടുകയാണ്, കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 37-ലധികം പേരാണ് മഴക്കെടുതിയിൽ മരിച്ചത്. വ്യാപകമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേ സമയം യമുനാ നദിയിൽ ജലനിരപ്പ് ഉയരുന്നത് ഡൽഹിയിൽ ആശങ്ക ഉയർത്തുകയാണ്. ഇന്നലെ വൈകുന്നേരം 205.33 മീറ്റർ എന്ന അപകടരേഖ കടന്ന് യമുനയിലെ ജലനിരപ്പ് ഇന്ന് രാവിലെ 206.32 ആയി ഉയർന്നു – ഹരിയാന ഹത്നികുണ്ഡ് ബാരേജിൽ നിന്ന് നദിയിലേക്ക് കൂടുതൽ വെള്ളം തുറന്നുവിട്ടതിനാലാണ് ജലനിരപ്പ് ഉയരുന്നത്.

കഴിഞ്ഞ ദിവസം നദിയിലെ ജലനിരപ്പ് അപകടനില കടന്നിരുന്നു. ഹരിയാനയിൽ നിന്ന് ഇന്ന് കൂടുതൽ വെള്ളം തുറന്നുവിടുന്നതോടെ അടുത്ത 24 മണിക്കൂറിനുള്ളിൽ യമുന യിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.ഇന്ന് ഉച്ചയോടെ അപകടനില മറികടക്കുമെന്നായിരുന്നു നേരത്തേ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വളരെ വേഗം ജലനിരപ്പ് ഉയരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടുകള്‍ തുറന്നുവിട്ടതിനാല്‍ യമുനാ നദിയിലെ ജലം അപകട നിലക്ക് മുകളിലെത്തുന്നത്.

നദിയുടെ തീരത്തോട് ചേര്‍ന്ന സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളെയും യമുനയിലെ ജലനിരപ്പും നിരീക്ഷിക്കുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ 16 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Reporter
the authorReporter

Leave a Reply