Tuesday, December 3, 2024
LatestPolitics

ബി.ജെ.പിയുടെ കരിദിന പ്രതിഷേധത്തിനു നേരെ ജല പീരങ്കി പ്രയോഗം


കോഴിക്കോട്: ജനാധിപത്യ കേരളത്തിന്റെ എല്ലാ സാംസ്കാരിക പാരമ്പര്യങ്ങളെയും നിരാകരിക്കുന്ന തിരസ്കരിക്കുന്ന കുടുംബവാഴ്ച്ചയിലേക്കാണ് പിണറായി വിജയൻ കേരളത്തെ ആസൂത്രിതമായി കൊണ്ടുപോകുന്നതെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭൻ. തികച്ചും പരാജയമായി കൊണ്ടിരിക്കുന്ന ആഭ്യന്തരവകുപ്പിനെ കൂട്ടുപിടിച്ച് നാട്ടിലെ ക്രമസമാധാന നില തകർക്കുകയാണ്. പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാം വാർഷിക ദിനം സമര നിർഭരമായ ഒരു ദിനമായി മാറിക്കഴിഞ്ഞു. തൊട്ടതിനെല്ലാം നികുതി കൂട്ടി വിലക്കയറ്റം ഉണ്ടാക്കി സാധാരണ മനുഷ്യന്റെ നിത്യജീവിതത്തെ നിസ്സഹമാക്കിയ അങ്ങേയറ്റത്തോളം ക്രൂരമായ ജനവിരുദ്ധ നയങ്ങളാണ് പിണറായി സർക്കാർ കഴിഞ്ഞ രണ്ടുവർഷം നടപ്പിലാക്കിയത്. കിട്ടിയ സമയം മുഴുവൻ ഖജനാവ് കൊള്ളയടിക്കാനും ജനങ്ങളുടെ പോക്കറ്റിൽ കയ്യിട്ടുവാരുകയുമാണ് ഈ സർക്കാർ ചെയ്തത്.
സാധാരണക്കാരന്റെ വീട് എന്ന സ്വപ്നത്തിനു മുകളിൽ കരിവാരി തേച്ചു. കേരളത്തിലെ സാധാരണ മനുഷ്യരെ കാട്ടുപോത്തിനെയും കാട്ടാനയുടെയും മുന്നിലേക്ക് വലിച്ചെറിഞ്ഞ് കരിമ്പൂച്ചകൾക്ക് നടുവിൽ സുരക്ഷിതനായി കഴിയുകയാണ് മുഖ്യമന്ത്രി. സാധാരണക്കാർക്ക് നേരെ നടന്ന എലത്തൂരിലെ ഭീകരാക്രമണവും കുഴിച്ചുമൂടാൻ ആയിരുന്നു പിണറായി സർക്കാറിന്റെ നീക്കം. എന്നാൽ കേന്ദ്രത്തിൽ കരുത്തറ്റ ഒരു ഗവൺമെന്റ് ഉള്ളതിനാൽ അടിയന്തര ഇടപെടലുകൾ നടത്തിയതിനാൽ കേസ് മുന്നോട്ടു പോകുന്നത്. ഡോ. വന്ദനയെ കൊലപ്പെടുത്തിയത് ഒരു കേസിലെ പ്രതിയാണ്. കേരളത്തിലെ പിണറായി സർക്കാരിന്റെ പരാജയത്തെ അതിന്റെ പൂർണ്ണ അർത്ഥത്തിൽ പ്രകടിപ്പിക്കുന്ന സംഭവമാണ് ഇത്.
അടുക്കും ചിട്ടയോടും കൂടി എങ്ങനെ അഴിമതി നടത്താം എന്നതിൽ ഗവേഷണം നടത്തുകയാണ് പിണറായി സർക്കാർ. നിർമ്മിത ബുദ്ധിയിൽ നിർമ്മിച്ച എഐ ക്യാമറ സംവിധാനത്തിൽ വലിയ അഴിമതി കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇത്രയും വലിയ അഴിമതി ആരോപണം പുറത്തുവരുമ്പോഴും മൗനം പാലിക്കുകയാണ് മുഖ്യമന്ത്രി. ഈ മൗനം അഴിമതികളെല്ലാം ശരിവെക്കുന്നതാണ്.
ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.വി.രാജൻ, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡൻ്റ് എൻ.പി.രാധാകൃഷ്ണൻ, മേഘലാ സെക്രട്ടറി അജയ് നെല്ലിക്കോട് , ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, വൈസ് പ്രസിഡൻ്റ് ഹരിദാസ് പൊക്കിണാരി, സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, ടി.രനീഷ്.അനുരാധ തായാട്ട്, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ജുബിൻ ബാലകൃഷ്ണൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് അഡ്വ. രമ്യാ മുരളി,ശശിധരൻ നാരങ്ങയിൽ,പി.പി.മുരളി,മധു പുഴയരികത്ത്,ഷെയ്ക് ഷാഹിദ്,പി.രമണിഭായ്,ജയ സദാനന്ദൻ,കെ.രജനീഷ്ബാബു എന്നിവർ സംസാരിച്ചു


Reporter
the authorReporter

Leave a Reply