Sunday, December 22, 2024
GeneralLatestPolitics

ലീഗ് വഖഫ് സംരക്ഷണ റാലിക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസ്


കോഴിക്കോട്: വഖഫ്  സംരക്ഷണ റാലിയിൽ പങ്കെടുത്ത മുസ്ലിം ലീഗ്  നേതാക്കൾക്ക് എതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് ബീച്ചിൽ ഈ മാസം 9 ന് നടന്ന വഖഫ് സമ്മേളനത്തിൽ പങ്കെടുത്ത ലീഗ് നേതാക്കൾക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസ്സം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‍സിക്ക് വിട്ട നടപടിയിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ സമ്മേളനം നടത്തിയത്. വിവിധ ജില്ലകളിൽ നിന്നായി എത്തിയ പതിനായിരക്കണക്കിന് പ്രവർത്തകരാണ് കോഴിക്കോട് കടപ്പുറത്തെ സമ്മേളനത്തിൽ പങ്കെടുത്തത്. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ എംഎൽഎ, ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി എം എ സലാം, തമിഴ്നാട് വഖഫ് ബോർഡ് ചെയർമാനും തമിഴ്നാട് മുസ്‍ലിം ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റുമായ എം അബ്ദുറഹ്മാൻ, പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, കെപിഎ മജീദ് എംഎൽഎ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, കെ എം ഷാജി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ദുറഹ്മാൻ കല്ലായി, പി കെ ഫിറോസ്, എം സി മായിൻഹാജി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

അതേസമയം, പൊലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി എം കെ മുനീർ രംഗത്തെത്തി. ലീഗ് നേതൃത്വം പ്രതീക്ഷിക്കാത്ത ജനസഞ്ചയമാണ് കോഴിക്കോട് എത്തിയത്. ലീഗ് ഇത്രയധികം ആളുകൾ എത്തണമെന്ന് ആഹ്വാനം ചെയ്തിട്ടില്ല. കമ്മീഷണറോട് സംസാരിച്ചാണ് മാർച്ചിൻ്റെ റൂട്ടടക്കം തീരുമാനിച്ചത്. എന്നിട്ട് പൊലീസ് പെർമിഷൻ ഇല്ലെന്ന് പറയുന്നത് ശരിയല്ലെന്ന് എം കെ മുനീർ പ്രതികരിച്ചു.


Reporter
the authorReporter

Leave a Reply