കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെ, പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘സ്ത്രീകളുടെ സുരക്ഷ വളരെ പ്രധാനമാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവാത്തതാണെന്ന് എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും ഒരിക്കല്‍ കൂടി ഞാന്‍ ഓര്‍മിപ്പിക്കുന്നു. കുറ്റവാളികള്‍ ആരായാലും അവരെ വെറുതെ വിടരുത്,’-മഹാരാഷ്ട്രയില്‍ നടന്ന ലഖ്പതി ദീദി സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
പശ്ചിമബംഗാളിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടറെ ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്.ഓഗസ്റ്റ് ഒമ്പതിനാണ് വനിതാ പിജി ഡോക്ടറെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന് പിറ്റേദിവസം ആശുപത്രിയിലെ സിവിക് വളണ്ടിയര്‍ സഞ്ജയ് റോയിയെ പൊലിസ് അറസ്റ്റ് ചെയ്തു.