തിരുവമ്പാടി: മോട്ടോർ വാഹനനിയമം ലംഘിച്ച് സ്വകാര്യ വാഹനത്തിൽ സ്ഥാപിച്ച മനുഷ്യാവകാശ സംഘടനയുടേതെന്ന് അവകാശപ്പെട്ട സൂചന ബോർഡ് ജോയന്റ് ആർ.ടി.ഒ അഴിച്ചുമാറ്റി. സ്വകാര്യ ബോലേറോ ജീപ്പിലെ ‘അംബാസഡർ കേരള സ്റ്റേറ്റ് യൂനിറ്റ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് മിഷൻ’ എന്ന സൂചന ബോർഡാണ് കൊടുവള്ളി ജോയന്റ് ആർ.ടി.ഒ ബിജോയ് അഴിച്ച് മാറ്റിയത്.
വാഹനത്തിന്റെ ഉടമയായി ഹാജരായ പോൾ മരിയ പീറ്റർ താൻ മുബൈ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയുടെ ഔദ്യോഗിക വക്താവാണെന്നായിരുന്നു ആർ.ടി.ഒക്ക് മുന്നിൽ വാദിച്ചത്. നിയമലംഘന ബോർഡ് നീക്കം ചെയ്താണ് വാഹനം ഉടമക്ക് നൽകിയത്. സ്വകാര്യ വാഹനങ്ങളിൽ ഒരുവിധ ബോർഡും വെക്കാൻ നിയമം അനുവദിക്കുന്നില്ല. കഴിഞ്ഞ ശനിയാഴ്ച ഈ വാഹനം തിരുവമ്പാടി ബസ് സ്റ്റാൻഡിൽ മണിക്കൂറുകളോളം നിർത്തിയിട്ടത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് നിയമലംഘനം ആർ.ടി.ഒയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.