കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ‘ബഷീര്‍ സാഹിത്യ പുരസ്‌കാരം’ കഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ സുദീപ് തെക്കേപ്പാട്ടിന്. പതിനായിരം രൂപയും പ്രശസ്തിപത്രവും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ചെറുകഥാ വിഭാഗത്തില്‍ ‘രാജമല്ലികയില്‍ നിലാവ് പെയ്യുകയാണ്’ എന്ന കഥാസമാഹാരമാണ് സുദീപ് തെക്കേപ്പാട്ടിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. നാഷനല്‍ യൂത്ത് പ്രമോഷന്‍ കൗണ്‍സിലിന്റെ അക്ഷരശ്രീ കഥാപുരസ്‌കാരം, സാഹിത്യശ്രേഷ്ഠ അവാര്‍ഡ് (രാജമല്ലികയില്‍ നിലാവു പെയ്യുകയാണ്), ദേവജ അവാര്‍ഡ് (ഭൂതത്താന്‍കുന്നിലെ ഇത്താപ്പി) എന്നിവയാണ് കോഴിക്കോട് സ്വദേശിയായ സുദീപിന് ലഭിച്ച മറ്റ് പുരസ്‌കാരങ്ങള്‍. സാഹിത്യ പബ്ലിക്കേഷന്‍സ് മാനേജിങ് എഡിറ്ററാണ്.
കോമ്പാച്ചി, ഇരിപ്പിടങ്ങള്‍ നഷ്ടമായവര്‍, രാജമല്ലികയില്‍ നിലാവു പെയ്യുകയാണ് (ചെറുകഥാ സമാഹാരങ്ങള്‍), കടിഞ്ഞാണില്ലാത്ത കുതിരകള്‍, ദേവമനോഹരി (നോവലുകള്‍) ഭൂതത്താന്‍കുന്നിലെ ഇത്താപ്പി (ബാലസാഹിത്യം) എന്നിവയാണ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയ സുദീപ് തെക്കേപ്പാട്ടിന്റെ കൃതികള്‍. സാഹിത്യ പബ്ലിക്കേഷന്‍സ് അധ്യാപക കഥാസമാഹാരമായ ‘സ്‌കൂള്‍ ഫാക്ടറി’യുടെയും കൊറോണക്കാലം അതിജീവന കവിതാസമാഹാരമായ വാക്കിന്റെ വെളിപാടിന്റെയും എഡിറ്ററാണ്.
വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ 2021 നവംബര്‍ 27ന് കോഴിക്കോട് അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് അനുസ്മരണ വേദി ചെയര്‍മാന്‍ റഹീം പൂവാട്ടുപറമ്പ്, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. ഷാഹുല്‍ ഹമീദ് എന്നിവര്‍ അറിയിച്ചു.