കോഴിക്കോട്: എഡിജിപിക്കെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും സിപിഎം എംഎൽഎ നടത്തിയ ഗുരുതര ആരോപണത്തിൽ മുഖ്യമന്ത്രിക്ക് രക്ഷാകവചം ഒരുക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ഇതിനെല്ലാം പിറകിൽ ആർഎസ്എസ് ആണെന്നാണ് വി.ഡി. സതീശന്റെ കണ്ടെത്തൽ. ഈ ഗുരുതര ആരോപണത്തിന് കൂടെ ആർഎസ്എസിനെ വലിച്ചു കെട്ടി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി മുഖ്യമന്ത്രിയെയും എഡിജിപിയെയും രക്ഷിക്കാനുള്ള കവാടം ഒരുക്കുകയാണ് വി.ഡി. സതീശൻ.
വസ്തുതയുമായി ഒരു ബന്ധവുമില്ലാത്ത ആരോപണമാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഈ നിലപാട് പ്രതിപക്ഷ നേതാവ് അവസാനിപ്പിക്കണം. ഈ സംഭവത്തിൽ പ്രതിപക്ഷത്തിന്റെയും പ്രതിപക്ഷ നേതാവിന്റെയും ശബ്ദം വളരെ ദുർബലവും സംശയാസ്പദവുമാണ്. എഡിജിപി ക്കെതിരെ നടപടി വന്നാൽ പ്രതിപക്ഷത്തിന് എന്തെങ്കിലും ഭയക്കാനുണ്ടോയെന്നും എം ടി രമേശ് ചോദിച്ചു. പലപ്പോഴും പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനുമിടയിൽ ഇടനിലക്കാരനായി പ്രവർത്തിച്ചത് എഡിജിപിയാണ്.
അതേസമയം നിയമവ്യവസ്ഥയെയും നിയമവാഴ്ചയേയും പരസ്യമായി വെല്ലുവിളിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. എംഎൽഎ നടത്തിയ വെളിപ്പെടുത്തലിൽ അന്വേഷണപ്രഹസനം പ്രഖ്യാപിച്ചത് വഴി അദ്ദേഹം ഉന്നയിച്ച ഗുരുതര ആരോപണങ്ങളെ തള്ളിക്കളയുകയാണ് മുഖ്യമന്ത്രി ചെയ്തത്. എഡിജിപിയുടെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണം മാത്രമല്ല, അതിനേക്കാൾ ഗുരുതര സ്വഭാവമുള്ള മറ്റു ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു.
എഡിജിപി കേരളത്തിൽ ഒരു ക്രിമിനൽ സംഘത്തിനു നേതൃത്വം കൊടുക്കുന്നു, സ്വർണ്ണക്കള്ളക്കടത്ത് സംഘവുമായി അദ്ദേഹത്തിന് ബന്ധമുണ്ട്, മന്ത്രിമാരുടെ ഫോൺ കോളുകൾ ചോർത്തുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് സംസ്ഥാനത്തെ എഡിജിപിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും എതിരായി ഉന്നയിച്ചത്. ഈ ആരോപണങ്ങളെക്കുറിച്ച് ഒരു മറുപടിയും പറയാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.
അതേസമയം എഡിജിപിയുടെ കീഴിലുള്ള രണ്ട് ഐജിമാരെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. സാധാരണ ഇത്തരം കേസുകളിൽ ആരോപണ വിധേയരായ വ്യക്തിയെ മാറ്റി നിർത്തണം. എന്നാൽ ഈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ആരോപണ വിധേയനായ എഡിജിപിക്ക് തന്നെ കൈമാറേണ്ട സാഹചര്യമുണ്ടാക്കി കൊണ്ട് രാജ്യത്തെ നിയമവ്യവസ്ഥയെയും നിയമസംവിധാനത്തെയും ആക്ഷേപിക്കുകയാണ്. മുഖ്യമന്ത്രിക്ക് ആ സ്ഥാനത്തിരക്കാൻ ധാർമികമായി അർഹതയില്ല. നിയമസംവിധാനത്തെയും നീതിന്യായ സംവിധാനത്തെയും വെല്ലുവിളിക്കുന്ന നിയമവാഴ്ചയെ അട്ടിമറിക്കുന്ന ഒരു മുഖ്യമന്ത്രി കേരളത്തിന് ഗുണകരമല്ല, അതിനാൽ അദ്ദേഹം രാജിവെക്കണമെന്നാണ് ബിജെപിക്ക് പറയാനുള്ളത്.
കൂടാതെ മലപ്പുറത്തെ ചില സ്വർണക്കടകൾ കള്ളക്കടത്ത് സ്വർണ്ണം കടത്താനുള്ള കേന്ദ്രങ്ങളാണെന്നും അതിലെ ചില വ്യക്തികളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടും അവിടെയൊന്നും അന്വേഷണ ഏജൻസികൾ പരിശോധന നടത്താൻ തയ്യാറായിട്ടില്ല. തെളിവ് നശിപ്പിക്കാനുള്ള സമയം പലർക്കും ലഭിച്ചു കഴിഞ്ഞു. ഇതിനെല്ലാം പിറകിൽ മുഖ്യമന്ത്രി ഉള്ളതിനാലാണ് അന്വേഷണം നടക്കാത്തത്. പൊളിറ്റിക്കൽ സെക്രട്ടറിയുമായി നടക്കുന്ന എല്ലാ കാര്യത്തിലും മുഖ്യമന്ത്രിയുടെ മൗനാനുവാദമുണ്ടെന്നും എം.ടി. രമേശ് ആരോപിച്ചു.