Thursday, January 23, 2025
LatestPolitics

കേന്ദ്ര ബജറ്റ് ജനവിരുദ്ധവും കുത്തകകളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതും: സത്യൻ മൊകേരി


കോഴിക്കോട്: രാജ്യത്തെ കർഷകരെയും തൊഴിലാളികളെയും സാധാരണക്കാരെയും പൂർണ്ണമായി അവഗണിക്കുന്ന ജനവിരുദ്ധ ബജറ്റാണ് കേന്ദ്ര സർക്കാറിന്റേതെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി. കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ ബജറ്റിനും അഡാനിക്ക് സംരക്ഷണമേകുന്ന കേന്ദ്ര സർക്കാർ നയത്തിനുമെതിരെ അഖിലേന്ത്യാ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി സി പി ഐ നേതൃത്വത്തിൽ നടന്ന കോഴിക്കോട് ഹെഡ് പോസ്റ്റോഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളായ തൊഴിലില്ലായ്മയും വിലക്കയറ്റവും ഉൾപ്പെടെ പരിഹരിക്കുന്നതിനുള്ള പദ്ധതികളൊന്നും ബജറ്റിലില്ല. ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നതും പൂർണമായും കുത്തകകളുടെ താത്പര്യം സംരക്ഷിക്കുന്നതുമാണ് ബജറ്റ്. ജനങ്ങളിൽ ഭാരം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാർ ഭരണഘടന വിഭാവനം ചെയ്ത സാമൂഹ്യ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ്. കേന്ദ്ര സർക്കാർ പിന്തുടർന്നുവരുന്ന കോർപറേറ്റ് അനുകൂല നയങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നതാണ് ബജറ്റ്. തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെ പൂർണമായി ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ പൂർണ്ണമായും കച്ചവടവത്ക്കരിക്കുകയും സ്വകാര്യ-വിദേശ കുത്തകകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ്. ഇതോടെ രാജ്യസമ്പത്തിന്റെ ഭൂരിഭാഗവും ചെറിയൊരു ശതമാനത്തിന്റെ കൈകളിൽ ഒതുങ്ങുന്ന സ്ഥിതിയാണുള്ളത്. കേളത്തിന്റെ ന്യായമായ അവകാശങ്ങൾ പോലും നിഷേധിക്കുന്ന കേന്ദ്ര സർക്കാർ കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ തകർക്കാനുള്ള ബോധപൂർവ്വമായ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ കെ ബാലൻ അധ്യക്ഷത വഹിച്ചു. എം നാരായണൻ മാസ്റ്റർ, അഡ്വ. പി ഗവാസ്, പി കെ നാസർ, ഇ സി സതീശൻ, റീന മുണ്ടേങ്ങാട്ട് സംസാരിച്ചു. പിലാക്കാട്ട് ഷൺമുഖൻ, കെ കെ പ്രദീപ് കുമാർ, ടി എം ശശി, ആശ ശശാങ്കൻ, സജിത പൂക്കാടൻ, പി വി മാധവൻ,
സി മധുകുമാർ, പി പ്രേംകുമാർ, അഡ്വ. എ കെ സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി. എം കെ പ്രജോഷ് സ്വാഗതവും പി അസീസ് ബാബു നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply