Latest

സ്നേഹം പങ്കുവെച്ച്. . . പരസ്പരം സാന്ത്വനം ചൊരിഞ്ഞ് അവരൊത്തുകൂടി


കോഴിക്കോട്: ‘താനേ തിരിഞ്ഞും മറിഞ്ഞും തൻ താമരമെത്തയിലുരുണ്ടും’….. അപകടം സംഭവിച്ച് കിടപ്പിലായ സന്തോഷ് നടുവത്തൂർ തന്റെ വേദനകളെല്ലാം മറന്ന് അമ്പലപ്രാവിലെ ഗാനം അതിമനോഹരമായി ആലപിക്കുകകയാണ്. സന്തോഷിനെപ്പോലെ ശാരീരിക അവശതകൾ കാരണം വീടുകളുടെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടി വന്ന നിരവധി പേരാണ് പാട്ടുപാടിയും സന്തോഷം പങ്കുവെച്ചും ഒരിക്കൽ കൂടി ഒത്തു ചേർന്നത്. പാരാപ്ലീജിയ ബാധിതരുടെ സ്വതന്ത്ര കൂട്ടായ്മയായ ചേമഞ്ചേരി ഏയ്ഞ്ചൽ സ്റ്റാർസിന്റെ പത്താം വാർഷികം ‘ചങ്ങാത്തപ്പന്തൽ 2023’ പങ്കെടുത്തവർക്കെല്ലാം അവിസ്മരണീയമായ അനുഭവമായി. പ്രായാധിക്യത്താൽ പ്രയാസപ്പെടുമ്പോഴും കിടപ്പിലായ മക്കളെ നോക്കാൻ ജീവിതം മാറ്റിവെച്ച മൂന്ന് അമ്മമാരെ ആദരിച്ചത് പരിപാടിയിലെ ശ്രദ്ധേയമായ നിമിഷമായി. രോഗബാധിതരായി വീൽചെയറിൽ ഒതുങ്ങിയ നിഷ കണ്ണൻകടവിന്റെ അമ്മ വത്സല, പുഷ്പ പൂക്കാടിന്റെ അമ്മ സരോജിനിയമ്മ, പ്രഭാകരൻ എളാട്ടേരിയുടെ അമ്മ മാധവിയമ്മ എന്നിവരെയാണ് ആദരിച്ചത്. ഇവരെ കലാഭവൻ സരിഗ പൊന്നാടയണിയിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം നാടക മത്സരത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട നിള നൗഷാദ്, മണിദാസ് പയ്യോളി, സത്യനാഥൻ മാടഞ്ചേരി എന്നിവരെയും ചടങ്ങിൽ ആദരിച്ചു.


ചേമഞ്ചേരി അഭയം സ്പെഷ്യൽ സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ചേമഞ്ചേരി ഗ്രാപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, പ്രദീപ് ബാലൻ, കലാഭവൻ സരിഗ, മഹേഷ് മോഹൻ എന്നിവർ അതിഥികളായെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുപതോളം പാരാപ്ലീജിയ ബാധിതർ പങ്കെടുത്തു. നട്ടെല്ലിന്റെ വൈകല്യത്താൽ ശരീരത്തിനൊപ്പം ജീവിതവും തളർന്നുപോയ പാരാപ്ലീജിയ രോഗികൾക്കായി ആരംഭിച്ചതാണ് ഏയ്ഞ്ചൽ സ്റ്റാർസ്. ഒന്നര വയസ്സിൽ പോളിയോ ബാധിച്ച് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ചേമഞ്ചേരി സ്വദേശിനി സാബിറയും അപകടത്തിൽ പരിക്കേറ്റ് ജീവിതം വീൽ ചെയറിലായ പ്രഭാകരൻ എളാട്ടേരിയും ചേർന്ന് 2013 ഫെബ്രുവരിയിലാണ് സംഘടന ആരംഭിച്ചത്. തങ്ങളെപ്പോലെ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുന്ന എന്ന ലക്ഷ്യത്തോടെ ആരംഭിച്ച് പത്താം വർഷത്തിലേക്കെത്തിയ സംഘടന ഇന്ന് ഭിന്നശേഷിക്കാരുടെ വലിയൊരു കൂട്ടായ്മയായി മാറിയിട്ടുണ്ട്. പരിപാടിക്ക് ഏയ്ഞ്ചൽ സ്റ്റാർസ് പ്രസിഡന്റ് പ്രഭാകരൻ, സെക്രട്ടറി സാബിറ, ചലച്ചിത്ര സംവിധായകനും നടനുമായ നൗഷാദ് ഇബ്രാഹിം, മധുലാൽ കൊയിലാണ്ടി, മണിദാസ് പയ്യോളി, ജയ നൗഷാദ്, ബിനേഷ് ചേമഞ്ചേരി, സത്യനാഥൻ മാടഞ്ചേരി, പ്രകാശൻ, കോയ, മിനി എന്നിവർ നേതൃത്വം നൽകി. വിവിധ കലാപരിപാടികളും ഹ്യൂമൺ റൈറ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ മാജിക്ക് ഷോയും നടന്നു.


Reporter
the authorReporter

Leave a Reply